ചെന്നൈ: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവാവിന്‍റെ വീട്ടുകാരെ വിവസ്ത്രരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലാണ് കുടുബാംഗങ്ങള്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

യുവാവ് പെണ്‍കുട്ടിയുമായി നാടുവിട്ടതിന് ശേഷം ഒരുമാസം പിന്നിടുമ്പോഴാണ് യുവാവിന്‍റെ വീട്ടുകാരെ ഉയര്‍ന്ന ജാതിക്കാരായ 100-ഓളം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. നവിതര്‍ ജാതിയില്‍പ്പെട്ട യുവാവും താരതമ്യേന ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ എട്ടുവര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. കോളേജില്‍ പ്രവേശനം നേടാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി യുവാവിനോടൊപ്പം നാടുവിടുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. യുവാവിനൊപ്പമാകാം പെണ്‍കുട്ടി പോയതെന്ന നിഗമനത്തിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമായതോടെ യുവാവിന്‍റെ കുടുംബം നാടുവിട്ട് മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു.  മറ്റ് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം ധര്‍മ്മപുരിയിലേക്ക് തിരികെ എത്തിയപ്പോഴാണ് യുവാവിന്‍റെ കുടുംബത്തെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.