പട്ന: സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ തലയ്ക്കു വെടിയേറ്റ പതിനേഴുകാരൻ മരിച്ചു. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം. സെൽഫി എടുക്കാനായി പിതാവിന്റെ ലൈസൻസുള്ള തോക്ക് കൈക്കലാക്കിയ 17കാരൻ അബദ്ധത്തിൽ തലയിലേക്ക് കാഞ്ചി വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഓം പ്രകാശ് സിങ് എന്നയാളുടെ മകൻ ഹിമാൻസു കുമാറാണ് വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇമാലിയെ ഗ്രാമത്തിലുള്ള ഇവരുടെ വീട്ടിലായിരുന്നു സംഭവം. സെൽഫിക്കായി പോസ് ചെയ്യുന്നതിനിടെ അറിയാതെ കാഞ്ചി വലിച്ചതാണെന്നും വെടിയൊച്ച കേട്ടാണ് താൻ ഓടിച്ചെന്നതെന്നും അയൽവാസി പറയുന്നു. വെടിയേറ്റ ഉടൻ തന്നെ ഹിമാൻസുവിനെ ആശുപത്രിയിൽ എത്തിച്ചുവെന്നും അതിന് ശേഷമാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു. 

അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഹിമാൻസു മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സ്വയം വെടിവച്ചതാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെങ്കിലും കൊലപാതകം ഉൾപ്പെടെയുള്ള സാധ്യതകൾ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.