ഹസ്സന്‍ (കര്‍ണാടക): പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കര്‍ണാടകയിലെ ഝൊലനരസിപുരയിലാണ് സംഭവം. നലബല്ലി സ്വദേശിയായ 19-കാരി മണികാന്തയ്ക്കാണ് കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടി തന്‍റെ പിന്നാലെ ചുറ്റിത്തിരിയുന്നതില്‍ നിന്നും യുവാവിനെ വിലക്കിയിരുന്നു. ഈ വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച യുവാവ് പെണ്‍കുട്ടി കോളേജില്‍ നിന്നും മടങ്ങി വരുന്നത് കാത്ത് വഴിയരികില്‍ നിന്നു. ശേഷം പെണ്‍കുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴുത്തിലും കയ്യിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഓടിക്കൂടിയവരാണ് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.