കാസര്‍കോട്: കാസര്‍കോട് കുടുംബത്തെ മുഴുവൻ ഐസ്ക്രീമിൽ എലിവിഷം നൽകി കൊല്ലാൻ ശ്രമിച്ച ഇരുപത്തിരണ്ടുകാരനെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തൽ. മരിച്ച ആനിന്‍റെ  ശരീരത്തിൽ പോസ്റ്റ്മോർട്ടത്തിൽ എലിവിഷത്തിന്‍റെ അംശം കണ്ടെത്തിയതും ആൽബിന്‍ വിഷബാധയേറ്റിട്ടില്ലെന്ന് ഡോക്ടർമാരുടെ കണ്ടെത്തലുമാണ് ആൽബിനെ കുടുക്കിയത്. ഈ മാസം അഞ്ചിനാണ് ഛർദ്ദിയെത്തുടർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന, ആൽബിന്‍റെ സഹോദരി ആന്‍ മേരി മരിച്ചത്. ആഗസ്റ്റ് ആറിന് ആനിന്‍റെ അച്ഛൻ ബെന്നിയും അമ്മ ബെസിയും ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം.

തനിക്കും ഭക്ഷ്യവിഷബാധയുണ്ടെന്ന് പറഞ്ഞ് പ്രതി ആൽബിനും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പിന്നീട് ആനിന്‍റെ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ എലിവിഷത്തിന്‍റെ അംശം കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ആൽബിന്‍ വിഷബാധയേറ്റിട്ടില്ലെന്ന് ഡോക്ടർമാരുടെ കണ്ടെത്തലും നിർണായകമായി.

തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ രാത്രി ആൽബിൻ ബെന്നിയെ കസ്റ്റ‍ഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങൾക്ക് കുടുംബം തടസമാകാതിരിക്കാനുമാണ് കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ആൽബിന്‍റെ മൊഴി. 

ആദ്യ കൊലപാതകശ്രമം കോഴിക്കറിയിൽ വിഷം കലര്‍ത്തി, കാസര്‍കോട്ടെ കൊലക്ക് പിന്നിൽ സ്വത്ത് തട്ടാനുളള ശ്രമവും

ഐസ്ക്രീമിൽ വിഷം കലർത്തുന്നതിന് രണ്ടാഴ്ച മുമ്പ് കോഴിക്കറിയിൽ വിഷം കലർത്തിയിരുന്നു. എന്നാൽ വിഷത്തിന്‍റെ അളവ് കുറവായതിനാൽ അന്ന് വീട്ടുകാർക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പിന്നീട് എലിവിഷത്തെക്കുറിച്ചും എത്ര അളവിൽ വിഷം കലർത്തിയാൽ മരണം സംഭവിക്കുമെന്നുമെല്ലാം ആൽബിൻ വൈബ്സൈറ്റുകളിൽ അന്വേഷിച്ച് പഠിച്ചു. ജൂലൈ 29ന് എലിവിഷം വാങ്ങി. 30ന് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അന്ന് ആൽബിൻ ഉൾപ്പെടെ എല്ലാവരും ഐസ്ക്രീം കഴിച്ചു. എന്നാൽ പിറ്റേന്ന് ഉച്ചക്ക് വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ബാക്കി  ഐസ്ക്രീമിൽ വലിയ അളവിൽ എലിവിഷം കലർത്തി.

അന്ന് ആൽബിന‍്റെ അച്ഛൻ ബെന്നിയും സഹോദരി ആനിയും ധാരാളം ഐസ്ക്രീം കഴിച്ചു. ഐസ്ക്രീം ഇഷ്ടമില്ലാതിരുന്ന അമ്മക്ക് ആൽബിൻ നിർബന്ധിച്ച് ഐസ്ക്രീം നൽകി. തൊണ്ടവേദനയാണെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല. പിന്നീട് സഹോദരിയും അച്ഛനുമെല്ലാം ഗുരുതരാവസ്ഥയിലാകുമ്പോഴും ആശുപത്രിയിലേക്ക് മാറ്റുമ്പോഴുമെല്ലാം ആൽബിൻ കൂടെയുണ്ടായിരുന്നു. സഹോദരി ആനിയുടെ മരണാനന്തര ചടങ്ങിലും ഒരു കൂസലുമില്ലാതെ പങ്കെടുത്തു. 

ആൽബിന്‍റെ അച്ഛൻ ബെന്നി ഇരുവൃക്കകളും തകരാറിലായി അതീവ ഗുരുതരാവസ്ഥയിൽ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുറഞ്ഞ അളവിൽ ഐസ്ക്രീം കഴിച്ചതിനാൽ അമ്മ ബെസിക്ക് ഗുരുതര പ്രശ്നങ്ങളില്ല. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട്ടിലെ കമ്പത്ത് ഹോട്ടൽ ജീവനക്കാരനായിരുന്ന ആൽബിൻ ലോക്ക്ഡൗണിനെത്തുടർന്നാണ് നാട്ടിലെത്തിയത്. നിലവിൽ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള ആൽബിനെ നാളെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.