തിരുവനന്തപുരം: സഹോദരിയെ വെട്ടി പരിക്കേൽപ്പിച്ച സഹോദരൻ അറസ്റ്റിലായി. വിതുര മേമല തള്ളച്ചിറ സരിത ഭവനിൽ ഷിബു ജോയ് ആണ് വിതുരയിൽ നിന്നും പിടിയിലായത്. 2019 ഡിസംബറിൽ ആണ് കേസിനാസ്പദമായ സംഭവം. 

പൂവച്ചൽ ജംഗ്ഷനിലെ ലൈഫ് സ്റ്റൈയിൽ ഡ്രസ് കളക്ഷൻ ഉടമയും ഇയാളുടെ സഹോദരിയുമായ ഷീനാ ഫാത്തിമയെ  കടയ്ക്കുള്ളിൽ അതിക്രമിച്ച് കയറിയ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. കടയ്ക്ക് അകത്തെ ഗ്ലാസ് ടേബിളും ഗ്ലാസ് സ്റ്റാൻഡുകളും സുരക്ഷാ ക്യാമറയുടെ മോണിറ്ററും ഷിബു വെട്ടി നശിപ്പിച്ചു. ബഹളം കേട്ടു ഓടിയെത്തിയ ഷീനയുടെ മകനെ ഭീഷണിപ്പെടുത്തുകയും ആക്രമണം തടയാൻ ശ്രമിച്ച ഭർത്താവിനെ പരിക്കേല്പിക്കുകയും ചെയ്ത ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. 

കൃത്യത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ഡി. ബിജുകുമാർ, എസ്.ഐ. നിജാം, സിപിഒമാരായ അഭിലാഷ് ജോസ്, സജിമോൻ, അനിൽകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.