ബുലന്ദ്ഷഹര്‍(യുപി): ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബലാത്സംഗത്തിനിരയായ പട്ടിക ജാതി പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തിന് സുരക്ഷയൊരുക്കി. ജഹാംഗിറാബാദിലാണ് സംഭവമുണ്ടായത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രതിയുടെ കുടുംബവുമായി ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ കുടുംബം തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് പ്രതിയുടെയും കുടുംബത്തിന്റെയും ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം സുരക്ഷ ആവശ്യപ്പെട്ടത്. പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

കുടുംബത്തിന്റെ ആവശ്യപ്രകാരം സുരക്ഷ നല്‍കിയെന്ന് ബുലന്ദ്ഷഹര്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ അറിയിച്ചു.  സംഭവത്തില്‍ ഏഴ് പ്രതികളാണുള്ളതെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ ബന്ധുക്കളാണ് അറസ്റ്റിലായത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി 3.75 ലക്ഷം രൂപ അനുവദിച്ചു. എസ് സി, എസ് ടി പ്രിവന്‍ഷന്‍ അട്രോസിറ്റീസ് നിയമപ്രകാരമാണ് നഷ്ടപരിഹാരം നല്‍കിയത്. എസ്പി എസ് കെ സിംഗ് പെണ്‍കുട്ടിയുടെ വീട് ബുധനാഴ്ച സന്ദര്‍ശിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്.

ഓഗസ്റ്റ് 15നാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് പ്രതിയുടെ വീട്ടുകാരും ബന്ധുക്കളും ഒത്തുതീര്‍പ്പിനായി പെണ്‍കുട്ടിയിലും കുടുംബത്തിലും നിരന്തര സമ്മര്‍ദ്ദം ചെലുത്തിയികുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിന് പെണ്‍കുട്ടി സമ്മതിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പ്രതിയുടെ അമ്മാവന്‍ പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു.