ചണ്ഡീഗഡ്:  രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് ടിവി ചാനല്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈവ് പ്രോഗ്രാമിനിടെയാണ് യുവാവ് കുറ്റസമ്മതം നടത്തിയത്. ടാക്സി കാര്‍ ഡ്രൈവറായ മനീന്ദര്‍ സിംഗിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. 10 വര്‍ഷം മുമ്പാണ് ഇയാള്‍ യുവതികളെ കൊലപ്പെടുത്തിയത്. തന്നോടൊപ്പം ഒരുമിച്ച് താമസിച്ചിരുന്ന കാമുകിയും നഴ്സുമായ സരബ്ജിത് കൗറിനെയാണ്  2010 ന്യൂ ഇയര്‍ ദിനത്തില്‍ ഇയാള്‍ ആദ്യം കൊലപ്പെടുത്തിയത്.

യുവതിക്ക് ബന്ധുവായ മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അതുകൊണ്ട് കൊലപ്പെടുത്തിയെന്നും ഇയാള്‍ പരിപാടിയില്‍ പറഞ്ഞു. അതിന് മുമ്പ് കര്‍ണാലിലെ രേണു എന്ന യുവതിയെ കൊലപ്പെടുത്തിയതും യുവാവ് വെളിപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശിയുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ചാനലില്‍ വെളിപ്പെടുത്തിയ ഉടനെ പൊലീസ് സ്റ്റുഡിയോയിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

2010ല്‍ തന്നെ മറ്റൊരു കൊലപാതകത്തില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. വിചാരണ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, രണ്ട് യുവതികളുടെ കൊലപാതകം പൊലീസിന് തെളിയിക്കാനായിരുന്നില്ല.