ഭോപ്പാല്‍: മധ്യപ്രദേശിലെ ഹണി ട്രാപ്പ് തട്ടിപ്പ് കേസിൽ എട്ടു മുൻ മന്ത്രിമാ‍ർ അടക്കം തട്ടിപ്പിന് ഇരയതായി അന്വേഷണം സംഘം. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം ഉൾപ്പെട്ട കേസിൽ പൊലീസ് ഇതുവരെ ആറ് സ്ത്രീകളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് സംഘത്തെയാണ് വലയിലാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം.

മധ്യപ്രദേശിലെ ബിജെപി കോൺഗ്രസ് നേതാക്കൾ അടക്കം ഏട്ട് മുൻ മന്ത്രിമാര്‍ വരെ ഹണിട്രാപ്പിൽ ഉൾപ്പെട്ടതായാണ് വിവരം. സംസ്ഥാനത്തെ 13 ഉന്നത ഉദ്യോഗസ്ഥരെ സംഘം കെണിയിൽ പെടുത്തി പണം തട്ടിയെന്ന വിവരം പ്രത്യേക അന്വേഷണ സംഘം നേരത്തേ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് രാഷ്ട്രീയ നേതാക്കളും ഇരയായെന്ന വിവരം പുറത്തു വരുന്നത്. എന്നാൽ ഇവരുടെ പേരുകൾ അന്വേഷണസംഘം പുറത്തിവിട്ടിട്ടില്ല. 

കേസിൽ പിടിയിലായ ശ്വേതാ ജയ്ൻ, ബർക്കാ സോണി, ആരതി ദയാൽ ശ്വതാ സ്വപിനിൽ, നമിസേക്ക് എന്നിവരിൽ നിന്നും 4000 ത്തിലധികം അശ്ലീല ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഹോട്ടല്‍ മുറികളില്‍ നിന്നും ഒളിക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ഫോട്ടോകളും ലൈംഗിക ചുവയോടെയുള്ള ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഇതിലുണ്ട്. ഇവ ഫോറൻസിക്ക് പരിശോധനക്കായി അയച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. 

Read More: രാജ്യത്തെ ഏറ്റവും വലിയ ഹണിട്രാപ്; കണ്ടെടുത്തത് നാലായിരത്തോളം കിടപ്പറ രംഗങ്ങള്‍, കുടുങ്ങിയത് വന്‍ സ്രാവുകള്‍

അറസ്റ്റിലായ ബർക്കാ സോണി കോൺഗ്രസിന്റെ മുൻ ഐറ്റി സെൽ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്. മറ്റൊരു പ്രതിയായ ശ്വേതാ ജെയിൻ തന്റെ പെൺവാണിഭ സംഘ നടത്തിയിരുന്നത് ബിജെപി എംഎൽഎ ബിജേന്ദ്ര പ്രതാപി സിങ്ങ് നൽകിയ വാടകകെട്ടിടത്തിലാണ്. സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു സംഘം പ്രവ‍ർത്തിച്ചിരുന്നത്. 5 പ്രതികളും സമാന്തരമായി പ്രത്യേക സംഘങ്ങളാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. കോളേജ് വിദ്യാ‍ർത്ഥികളെയും ലൈംഗിക തൊഴിലാളികളെയും ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 

വൻതുകയും ആർഭാട ജീവിതവുമാണ് ഇവർ സംഘത്തിലെ സ്ത്രീകൾക്ക് നൽകിയിരുന്നത് എന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതികളായ ശ്വേതാ ജെയിനും ബർക്കാ സോണിക്കും സംസ്ഥാനത്തിന് അകത്തും പുറത്തു ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ മറാത്താവാഡയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവുമായി ഇവർ ഇടപാടുകൾ നടത്തിയിരുന്നു. 

എന്നാൽ നേതാവിന്റെ പേര് പൊലീസ് പുറത്തുവിട്ടില്ല. കേസിൽ പെട്ട ഉന്നതരുടെ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അന്വേഷണസംഘത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇൻഡോർ മുനിസിപ്പിൽ കോ‍ർപ്പറേഷനിലെ എന്‍ജിനീയരാ ഹ‍ർഭജൻ സിങ്ങ് എന്ന വ്യക്തിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. 

ഇയാളില്‍ നിന്ന് 3 കോടി തട്ടാൻ ഹണിട്രാപ്പ് സംഘം ശ്രമിച്ചു എന്നായിരുന്നു പൊലീസിൽ നല്‍കിയ പരാതി. ഈ പരാതി അന്വേഷിച്ചപ്പോഴാണ് മധ്യപ്രദേശിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തെ തന്നെ പിടിച്ചുകുലുക്കുന്ന നിര്‍ണായ വിവരങ്ങള്‍ പുറത്തുവന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ 18 വയസ്സുള്ള പെൺകുട്ടിയിൽ നിന്നാണ് അന്വേഷണ സംഘം ഹണിട്രാപ്പ് സംഘത്തിലേക്ക് എത്തിച്ചേർന്നത്.