കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്‌. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പിടിയിലായത്.

കൊല്ലം: കൊല്ലം പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്‌. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പിടിയിലായത്. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്.

പത്തനാപുരം മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് കിലോ വിധം രണ്ട് പൊതികളിലായിട്ടാണ് 4 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നത്. കഞ്ചാവിന്‍റെ ഉറവിടം എവിടെ നിന്നാണ് എന്ന് അന്വേഷിക്കുമെന്നും അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.