ആലപ്പുഴ: ചേർത്തല കെഎസ്ആർടിസി ബസ്റ്റാന്റിലെ കാന്റീൻ ജീവനക്കാരന്റെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി(രണ്ട്) കണ്ടെത്തി. ശിക്ഷ 22ന് വിധിക്കും. 

2011ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാന്റീനിൽനിന്ന് കഴിച്ച ഭക്ഷണത്തിന് അമിത ബിൽ ഈടാക്കിയെന്ന് ആരോപിച്ച് ജീവനക്കാരനായ ബാബു എന്ന് വിളിക്കുന്ന ഡൊമനിക്കുമായി(49) തണ്ണീർമുക്കം പുത്തൻവെളിയിൽ അനിൽ കുമാർ(49) വാക്കേറ്റത്തിലും കയ്യാങ്കളിയിലും ഏർപ്പെടുകയും തുടർന്ന് പ്രതിയായ അനിൽകുമാർ ഡൊമനിക്കിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതി പിന്നീട് അന്നത്തെ ചേർത്തല സി ഐയുടെ നേതൃത്വത്തിൽ അനിൽകുമാറിനെ പിടികൂടുകയും ചെയ്തു. 

ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം 323, 324, 302 എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ ജഡ്ജി എ ഇജാസ് കണ്ടെത്തുകയായിരുന്നു. പ്രോസിക്യുഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യുട്ടർ പി കെ രമേശൻ, അഡ്വ. പി പി ബൈജു എന്നിവർ ഹാജരായി. പ്രോസിക്യുഷൻ ഭാഗത്തു നിന്നും 28 സാക്ഷികളും 22 പ്രമാണങ്ങളും ഒൻപത് തൊണ്ടിമുതലും ഹാജരാക്കി.  

Read more: വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട ട്രാന്‍സ്‌ജെന്‍റര്‍ റവന്യുഭൂമിയില്‍ ഷെഡുകെട്ടി; അധിക്യതര്‍ പൊളിച്ചുനീക്കി