ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ജാതി പീഡനം. ജാതിമാറി വിവാഹം കഴിച്ച യുവാവിന്‍റെ വീട്ടുകാരെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു. ധര്‍മപുരിയിലെ പെണ്ണഗരം ഗ്രാമത്തിലാണ്  സംഭവമുണ്ടായത്. പിന്നാക്ക വിഭാഗമായ നവിതാര്‍ ജാതിയില്‍പ്പെട്ട  വിവേകുമായി വണ്ണിയാര്‍ വിഭാഗത്തില്‍പ്പെട്ട പ്രിയ പ്രണയത്തിലാകുകയും ഒളിച്ചോടി വിവാഹിതരാകുകയും ചെയ്തിരുന്നു. ഇവരുടെ ബന്ധത്തെ പ്രിയയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നെങ്കിലും ജൂണ്‍ 21ന് പ്രിയയെ കാണാതായി. പൊലീസ് അന്വേഷണത്തില്‍ ഇവര്‍ ഒളിച്ചോടിയതാണെന്ന് തെളിഞ്ഞു.

ഒളിച്ചോട്ടത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മേഖലയിലെ ശക്തരായ വിഭാഗമാണ് വണ്ണിയാര്‍.  ഇരുവരും ഒളിച്ചോടിയതിന് ശേഷം വണ്ണിയാര്‍ വിഭാഗത്തില്‍നിന്ന് വിവേകിന്‍റെ കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നു. ആക്രമണം ഭയന്ന് മറ്റു സംസ്ഥാനങ്ങളിലെ ബന്ധുക്കളോടൊപ്പമായിരുന്നു താമസം. എന്നാല്‍, പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു മര്‍ദ്ദിച്ചത്. 

കുടുംബത്തിലെ എട്ടുപേരെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് നഗ്നരാക്കി മര്‍ദ്ദിച്ചതിന് ശേഷം വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ടും മര്‍ദ്ദനം തുടര്‍ന്നു. ക്രൂര മര്‍ദ്ദനത്തിരയായിട്ടും ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇനിയും വണ്ണിയാര്‍ സമുദായം ആക്രമിക്കുമെന്ന ഭയത്താലാണ് ഇവര്‍ പരാതി നല്‍കാതിരുന്നത്. അതേസമയം, സംഭവമറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ജാതി ആക്രമണങ്ങളെ തുടര്‍ന്ന് കുപ്രസിദ്ധമായ സ്ഥലമാണ് ധര്‍മപുരി. ഇളവരശന്‍-ദിവ്യ പ്രണയവും വിവാഹവും വന്‍ ചര്‍ച്ചയായിരുന്നു. ഇളവരശനെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.