Asianet News MalayalamAsianet News Malayalam

കടയില്‍ കയറി മര്‍ദ്ദനം, ഐഎൻടിയുസി തൊഴിലാളികൾക്കെതിരെ സിസിടിവി ദൃശ്യങ്ങളടക്കം പരാതിയുമായി വ്യാപാരി

കടയില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ മര്‍ദ്ദിച്ചുവെന്ന് ഉടമ അടിമാലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം ഉള്‍കൊള്ളിച്ചാണ് പരാതി

cctv visuals of trade union workers attacking migrant workers in idukki
Author
First Published Sep 4, 2022, 3:30 PM IST

ഇടുക്കി: അടിമാലിയിൽ ലോഡിറക്കാന്‍ അമിതമായി കൂലിചോദിച്ചതിനെ എതിര്‍ത്ത വ്യാപാരിയുടെ കടയില്‍ കയറി ചുമട്ടുതൊഴിലാളികള്‍  ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചതായി പരാതി. ഐഎന്‍ടിയുസി യൂണിയനില്‍ പെട്ട മൂന്നുപേര്‍ക്കെതിരെ കടയുടമ സിസിടിവി ദൃശ്യങ്ങളടക്കം ചേര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. അടിമാലി പൊലീസ് സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങി. 

സെപ്റ്റംബര്‍ 2 ന്  വൈകീട്ട് 4 മണിയോടെ അടിമാലി മിനിപ്പടിയ്ക്കു സമീപമുള്ള ജോയ്സ് എന്‍റര്‍പ്രൈസസെന്ന ഗ്ലാസ് കടയിലാണ് സംഭവമുണ്ടായത്. കടയിൽ വന്ന 5 ഗ്ലാസുകൾ ഇറക്കി വെയ്ക്കുന്നതിനായി ഐഎൻടിയുസി യൂണിയൻ തൊഴിലാളികളെ കടയുടമ സമീപിച്ചു. ഇറക്കുന്നതിന് യൂണിയൻ തൊഴിലാളികൾ 5000 രൂപയാണ് ആവശ്യപ്പെട്ടത്. തുക കൂടുതലാണെന്ന് ഉടമ അറിയിച്ചതോടെ ഇവർ ഗ്ലാസ്സിറക്കാൻ തയ്യാറല്ലെന്നറിയിച്ച് മടങ്ങിപ്പോയി. ഗ്ലാസ് കൊണ്ടുവന്ന വാഹനം തിരികെ വിടുന്നതിനായി കടയിലെ ജീവനക്കാർ ഗ്ലാസ്സിറക്കി വെച്ചു. ഇതാണ് ഐഎന്‍ടിയുസിയുടെ പ്രാദേശിക നേതാക്കള്‍ക്കൂടിയായ ചുമട്ടുതൊഴിലാളികളെ പ്രകോപിപ്പിച്ചത്. തിരികെ എത്തിയ ഇവര്‍ ഗ്ലാസിറക്കിയ ഇതരസംസ്ഥാന തോഴിലാളികളെ മര്‍ദ്ദിച്ചു. 

read more ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രദീപ് മഹന്ത നാരദ് ബർമ്മൻ, സുഖ് ലാൽ സിൻഹ എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ മര്‍ദ്ദിച്ചുവെന്ന് ഉടമ അടിമാലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി നൽകിക്കൊണ്ടാണ് ഉടമ പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴിയെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മർദ്ദിച്ച തൊഴിലാളികൾക്കെതിരെ കേസെടുക്കുമെന്നാണ് അടിമാലി പൊലീസിന്‍റെ വിശദീകരണം. അതേ സമയം സംഭവം അടിസ്ഥാനരഹിതമെന്നാണ് അടിമാലിയിലെ ഐ എൻ‍ ടി യു സി നേതാക്കളുടെ വിശദികരണം.  എന്നാലിക്കാര്യം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. 

read more കൊല്ലത്തെ പതിനാലുകാരനെ കിഡ്നാപ്പ് ചെയ്യാൻ ക്വട്ടേഷൻ നൽകിയ സൈദലി കസ്റ്റഡിയിൽ

Follow Us:
Download App:
  • android
  • ios