തൂത്തുക്കുടിയിൽ അതിശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണൊലിപ്പിൽ 12,000 വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി. ഹോളോസീൻ കാലഘട്ടത്തിലേതെന്ന് സ്ഥിരീകരിച്ച ഈ കണ്ടെത്തൽ, ദക്ഷിണേന്ത്യയുടെ പുരാതന ചരിത്രത്തെ കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിവെച്ചു. കീലാടി, വൈഗൈ നദീതട സംസ്കാരങ്ങളുടെ പ്രായം സംബന്ധിച്ച തർക്കങ്ങളിൽ ഈ ഫോസിലുകൾ നിർണായകമായേക്കാം.
അതിശക്തമായ മഴയ്ക്ക് പിന്നലെ തമിഴ്നാട്ടിൽ വെളിപ്പെട്ടത് 12,00 വർഷത്തെ ചരിത്രം. തൂത്തുക്കുടിയുടെ ചില ഭാഗങ്ങളിൽ അതിശക്തമായി പെയ്ത മഴയ്ക്ക് പിന്നാലെ കണ്ടെത്തിയ ഫോസിലുകൾക്കാണ് 12,000 വർഷത്തെ പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവ ഹോളോസീൻ കാലഘട്ടത്തിലേതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. 2023 -ൽ പെയ്ത ശക്തമായ മഴയിലുണ്ടായ മണ്ണൊലിപ്പിനെ തുടർന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ഫോസിൽ നിക്ഷേപങ്ങൾ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവയെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഇവയ്ക്ക് 12,000 വർഷങ്ങളോളം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.
തൂത്തുക്കുടി ഫോസിൽ
മണ്ണൊലിപ്പിനെ തുടർന്ന് വെളിപ്പെട്ട ഫോസിലുകളെ കുറിച്ച് പഠിക്കണമെന്ന തദ്ദേശ ഭരണകൂടത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ പ്രദേശങ്ങളിൽ വിശദമായ ഫീൽഡ് സർവേ നടത്തിയിരുന്നു. ഈ സമയത്ത് ശേഖരിച്ച ഫോസിൽ അവശിഷ്ടങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഇവയുടെ പ്രായം കണക്കാക്കിയത്. ഇതോടെ ക്വാട്ടേണി കാലഘട്ടം (25 ലക്ഷം വർഷങ്ങൾക്ക് മുമ്പ്) മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രത്യേകിച്ചും തമിഴ്നാട്ടിൽ സമ്പന്നമായൊരു കാലഘട്ടമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 25 ലക്ഷം വർഷങ്ങളിലൂടെ രൂപം കൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങൾ ആധുനിക ആവാസവ്യവസ്ഥയുടെ ഉയർച്ചയ്ക്കും ആദ്യകാല മനുഷ്യ വികാസത്തിനും കാരണമായി. കീലാടി ഉത്ഖനനത്തോടെ ആദ്യ ഇന്ത്യൻ സംസ്കാരമുണ്ടായത് സിന്ധുനദീതടത്തിലോ അതോ വൈഗൈ നദിതടത്തിലോ എന്ന തർക്കം ഉടലെടുത്തിരുന്നു. പുതിയ കണ്ടെത്തലോടെ കവേരീ നദീതട സംസ്കാരത്തിന്റെ പ്രായക്കൂടുതൽ വീണ്ടും ചർച്ചാ വിഷയമാകും.
വീണ്ടും ചർച്ചയായി ദക്ഷിണേന്ത്യയുടെ പ്രായം
ഹോളോസീൻ കാലഘട്ടത്തിന്റെ അവസാനത്തിൽ തമിഴ്നാട്ടിൽ നിലനിന്നിരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ചും ഒരുകാലത്ത് ഇവിടെ ജീവിച്ചിരുന്ന ജീവിവർഗങ്ങളുടെ തരാതരങ്ങളെ കുറിച്ചും വിലപ്പെട്ട വിവരങ്ങൾ നൽകാൻ പുതിയ കണ്ടെത്തലുകൾക്ക് കഴിയുമെന്ന് പഠനത്തിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞർ പറയുന്നു. ലഭിച്ച ഫോസിൽ ഘടന വിശകലനം ചെയ്യുന്നതിലൂടെ, ഈ പ്രദേശം ഒരുകാലത്ത് വനങ്ങളാലും പുൽമേടുകളാലും ചുറ്റപ്പെട്ടതായിരുന്നോ അതോ സമുദ്രത്തിനടിയിലായിരുന്നോ എന്ന് തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ലഭിക്കും. ഇത്രയേറെ പഴക്കമുള്ള ഫോസിലുകൾ ഇതുവരെയ്ക്കു ദക്ഷിണേന്ത്യയിൽ നിന്നും പഠനവിധേയമാക്കിയിട്ടില്ലാത്തതിനാൽ പുതിയ പഠനങ്ങൾ പുതിയ കാലത്തെ കുറിച്ച് വലിയ വിവരങ്ങളാകും നൽകുക. കാലാവസ്ഥാ വ്യതിയാനങ്ങൾ ഓരോ കാലത്തും ഈ പ്രദേശങ്ങളെ ഏങ്ങനെ ബാധിച്ചുവെന്നും തുടർപഠനങ്ങളിലൂടെ കണ്ടെത്താൻ കഴിയും.


