Asianet News MalayalamAsianet News Malayalam

ഏഴു പേരെവിവാഹം ചെയ്യുകയും ആറുപേരെ പീഡിപ്പിക്കുകയും ചെയ്ത 'എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ്' ഒടുവില്‍ പൊലീസ് പിടിയില്‍

ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റാണെന്നാണ് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. രണ്ട് ഗുണ്ടകളെ വെടിവെച്ച് വീഴ്ത്തിയെന്നും ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചു. 

Chennai fake cop arrested for marrying 7 girl
Author
Chennai, First Published Sep 16, 2019, 1:12 PM IST

ചെന്നൈ: പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഏഴു യുവതികളെ വിവാഹം കഴിക്കുകയും ആറുപേരെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് ഒടുവില്‍ പൊലീസ് പിടിയില്‍. തിരുപ്പൂര്‍ സ്വദേശി രാജേഷ് പൃഥി(ദിനേഷ്-42) ആണ് ചെന്നൈ പൊലീസിന്‍റെ പിടിയിലായത്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റാണെന്നാണ് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. രണ്ട് ഗുണ്ടകളെ വെടിവെച്ച് വീഴ്ത്തിയെന്നും ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചു.

ചെന്നൈയില്‍ രാജേഷ് നടത്തുന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനിയുടെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പുകള്‍. സ്ഥാപനത്തിലേക്ക് ജോലിക്കെന്ന് പറഞ്ഞാണ് യുവതികളെ ക്ഷണിച്ചിരുന്നത്. ഇയാള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ കാണിച്ചാണ് യുവതികളെ ജോലിക്ക് ക്ഷണിക്കാറുള്ളത്. എന്‍കൗണ്ടറിന് ശേഷം ഇയാള്‍ ജോലി രാജിവെച്ചെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ജോലിക്കെത്തിയ യുവതികളെ വലവീശിപ്പിടിച്ച ഇയാള്‍ ഏഴുപേരെ വിവാഹം ചെയ്തു. ആറുപേരെ പീഡിപ്പിക്കുകയും ചെയ്തു. തിരുച്ചി, കോയമ്പത്തൂര്‍, തിരുപ്പതി, തിരുപ്പൂര്‍, കാലഹസ്തി എന്നിവിടങ്ങളിലാണ് സ്ത്രീകളാണ് കെണിയില്‍പ്പെട്ടത്. 

ജൂണ്‍ 30ന് 18കാരിയുടെ മാതാപിതാക്കള്‍ എഗ്മോര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളുടെ കള്ളത്തരം വെളിവായത്. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകളെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാജേഷ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തി. ഇരുവരെയും തിരുപ്പൂരിലെ നൊച്ചിപ്പാളയത്തില്‍നിന്ന് പൊലീസ് പിടികൂടി. രാജേഷ് തന്നെ വിവാഹം ചെയ്തെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ പൊലീസ് വീട്ടുകാരോടൊപ്പം വിട്ടു.

എന്നാല്‍ കുറച്ച് ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെയും കൊണ്ട് കടന്നുകളയാനുള്ള ശ്രമത്തിനിടയില്‍ ഇയാളെ വീണ്ടും പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് എല്ലാ വിവരങ്ങളും പുറത്തായത്. പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തിയതിന് പുറമെ, മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി 30 ലക്ഷം രൂപ തട്ടിയ കേസും ഇയാള്‍ക്കെതിരെ ചുമത്തി. വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇയാളുടെ യഥാര്‍ത്ഥ പേര് ദിനേഷ് എന്നാണെന്നും പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളില്‍ പല പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 
 

Follow Us:
Download App:
  • android
  • ios