Asianet News MalayalamAsianet News Malayalam

'നീതു കുട്ടിയെ കൊണ്ടുവന്നത് പരിഭ്രമത്തോടെ, അപ്പോഴേ സംശയം തോന്നി', സിസിടിവി ദൃശ്യം

കുഞ്ഞിനെ കൊണ്ടുവന്ന ശേഷം വസ്ത്രം മാറി നീതു വീണ്ടും റിസപ്ഷനിൽ എത്തി. സ്വർണപ്പണയ സ്ഥാപനത്തെ കുറിച്ച് തിരക്കി. ബിൽ തയ്യാറാക്കാൻ പറഞ്ഞശേഷം പുറത്തേയ്ക്ക് പോയി. തിരികെ വന്ന് കുഞ്ഞിന് ആഹാരത്തിനുള്ള സാധനങ്ങൾ ആവശ്യപ്പെട്ടു.

Child Abduction In Kottayam CCTV Visuals Of Taking Accused Neethu To Custody Out
Author
Kottayam, First Published Jan 9, 2022, 1:22 PM IST

കോട്ടയം: തട്ടിയെടുത്ത കുഞ്ഞിനെ നീതുവിൽ നിന്ന് പൊലീസ് വീണ്ടെടുക്കുന്ന ഹോട്ടലിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയെ കൊണ്ട് വന്ന ശേഷം മുക്കാൽ മണിക്കൂറോളം നീതു ഹോട്ടലിൽ ചെലവഴിച്ചിരുന്നു. കുഞ്ഞിനെ കൊണ്ടു വന്നപ്പോൾ സംശയം തോന്നിയെന്നും നീതുവിന് പരിഭ്രമം ഉണ്ടായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാരി പറയുന്നു. 

ആറാം തീയതി കുഞ്ഞിനെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതുവിനെ ഡ്രൈവർ അലക്സും ഹോട്ടൽ ജീവനക്കാരും സമയോചിതമായി ഇടപെട്ട് തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കുഞ്ഞിനെ കൊണ്ടുവന്ന ശേഷം വസ്ത്രം മാറി നീതു വീണ്ടും റിസപ്ഷനിൽ എത്തി. സ്വർണ പണയ സ്ഥാപനത്തെ കുറിച്ച് തിരക്കി. ബിൽ തയ്യാറാക്കാൻ പറഞ്ഞശേഷം പുറത്തേയ്ക്ക് പോയി. തിരികെ വന്ന് കുഞ്ഞിന് ആഹാരത്തിനുള്ള സാധനങ്ങൾ ആവശ്യപ്പെട്ടു. കുഞ്ഞുമായി വന്നപ്പോൾ തന്നെ നീതുവിന് പരിഭ്രമം ഉണ്ടായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാരി നിമ്മി പറയുന്നു. 

പിന്നീട് ഡ്രൈവർ അലക്സ് എത്തി സംശയം പ്രകടിപ്പിച്ചപ്പോൾ ഹോട്ടൽ മാനേജ‍ർ എത്തി. വളരെ പെട്ടെന്ന് രണ്ട് വാഹനങ്ങളിലായി പൊലീസ് സംഘം വന്ന് കുഞ്ഞിനെ വീണ്ടെടുക്കുന്നു. തുടർന്ന് നീതുവിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതെല്ലാം ദൃശ്യങ്ങളിൽ വ്യക്തം. അതിനിടെ ഹോട്ടലിന് മുന്നിൽ വിവരമറിഞ്ഞ് ആളുകളും കൂടിയിരുന്നു. 

ദൃശ്യങ്ങൾ കാണാം:

കേസിൽ നീതുവിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഹോട്ടലിലും ആശുപത്രിയിലും നീതു സാധനങ്ങൾ വാങ്ങിയ കടയിലും തെളിവെടുക്കും. അതിനിടെ സംഭവത്തിൽ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് മെഡിക്കൽ കോളേജിൽ പരിശോധന നടത്തി. അന്തിമ റിപ്പോർട്ടിൽ സുരക്ഷാ കാര്യങ്ങളിൽ ചില മാറ്റങ്ങൾ നിർദ്ദേശിക്കുമെന്നാണ് സൂചന.

പ്രതി നീതു മാത്രം

കുട്ടിയെ തട്ടിയെടുത്ത കേസിൽ തൽക്കാലം നീതു മാത്രമാകും പ്രതിയാകുക. വളരെ ആസൂത്രണത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാമുകൻ ഇബ്രാഹിം ബാദുഷയുടെ കുട്ടിയാണന്ന് വരുത്തി തീർത്ത് ബന്ധം നിലനിർത്താനാണ് നീതു ശ്രമിച്ചതെന്ന് കോട്ടയം എസ്പി ഡി ശിൽപ പറഞ്ഞു. കാമുകൻ ഇബ്രാഹിം ബാദുഷക്കെതിരെ പണം തട്ടിയതിന് മറ്റൊരു കേസെടുക്കും.

കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്‍റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലാണ്. തുടർന്ന് ഗർഭിണി ആവുകയും ചെയ്തു. പക്ഷേ ഗർഭം അലസി. എന്നാൽ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാൽ അയാൾ വിട്ടുപോകും എന്നായിരുന്നു നീതുവിന്‍റെ ഭയം. വിവാഹ മോചിത ആണെന്നാണ് കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്‍റെ വീട്ടുകാരുമായും നീതു പരിചയത്തിൽ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോൾ ആദ്യം ഒരു കുട്ടിയെ വില കൊടുത്ത് വാങ്ങാൻ ശ്രമിച്ചു. അത്തരമൊരു നീക്കങ്ങളും നടക്കാതായപ്പോഴാണ് ഒരു കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രം ഒരുക്കിയത്. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്കോപ്പും ധരിച്ചായിരുന്നു പ്രസവ വാർഡ് സന്ദർശിച്ചത്. തൊട്ടടുത്തുള്ള കടയിൽ നിന്നാണ് ഈ വസ്ത്രങ്ങളെല്ലാം നീതു വാങ്ങിയത്.

ആദ്യ ശ്രമത്തിൽ തന്നെ അശ്വതിയുടെ കുട്ടിയെ തട്ടിയെടുക്കാൻ കഴിഞ്ഞു. സ്വന്തം കുട്ടിയെപ്പോലെ വളർത്താൻ തന്നെയായിരുന്നു നീതുവിന്‍റെ തീരുമാനം. ആദ്യം പരസ്പര വിരുദ്ധമായ കാര്യങ്ങൾ മൊഴിനൽകിയ നീതു പിന്നീട് തന്റെ ഉദ്ദേശം പൊലീസിനോട് വ്യക്തമാക്കി. ജീവിതത്തിൽ താൻ ഒരിക്കലെങ്കിലും ജയിക്കട്ടെ എന്നാണ് ചോദ്യംചെയ്യലിന്‍റെ ഒരു ഘട്ടത്തിൽ നീതു എസ്പിയോട് തുറന്ന് പറഞ്ഞത്. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത ഇബ്രാഹിം ബാദുഷക്കെതിരെ മറ്റൊരു കേസെടുക്കാനാണ് പോലീസിന്‍റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios