അഗർത്തല: കാമുകിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ 12ാം ക്ലാസ് വിദ്യാർത്ഥിയെ, പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം.

റിപൻ സർക്കാർ എന്ന 12ാം ക്ലാസ് വിദ്യാർത്ഥി ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. മുൻപൊരിക്കൽ പെൺകുട്ടിയുടെ അവളുടെ വീട്ടിലെത്തി കണ്ടതിന് റിപൻ സർക്കാർ മർദ്ദനത്തിനിരയായിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനെത്തിയ റിപനെ ഒരു സംഘം വീട്ടിനകത്ത് നിന്ന് പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് ആരോ റിപന്റെ അമ്മാവനായ പ്രഫുൽ സർക്കാറിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടനടി സ്ഥലത്തെത്തിയെങ്കിലും ആൾക്കൂട്ടം തടഞ്ഞു. അമ്മാവനെ പിടിച്ചുവെച്ച ശേഷമാണ് 17കാരനായ റിപനെ ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയത്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആൾക്കൂട്ടം ഇവിടം വിട്ട് പോയത്. റിപൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.