Asianet News MalayalamAsianet News Malayalam

10 കോടി നിക്ഷേപം തിരികെ തരുന്നില്ല; കാർഷിക ഉൽപാദന സഹകരണ സംഘത്തിനെതിരെ പരാതി

2014ൽ പ്രവർത്തനം തുടങ്ങിയ താലൂക്ക് സഹകരണ കാർഷികോൽപ്പാദന സംസ്കരണ വിപണന സംഘത്തിൽ തുക നിക്ഷേപിച്ച 150ഓളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്. 

complaint against agrico cooperative society
Author
Kozhikode, First Published Jan 15, 2021, 12:03 AM IST

കോഴിക്കോട്: കാർഷികോൽപ്പാദന സഹകരണ സംഘം നിക്ഷേപമായി സ്വീകരിച്ച പത്ത് കോടിയിലധികം രൂപ തിരിച്ചുനല്‍കാതെ വഞ്ചിച്ചതായി പരാതി. കോഴിക്കോട് വേങ്ങേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗ്രികോ ചെയര്‍മാനെതിരെ നിക്ഷേപകർ ചേവായൂർ പൊലീസിൽ പരാതി നൽകി.

2014ൽ പ്രവർത്തനം തുടങ്ങിയ താലൂക്ക് സഹകരണ കാർഷികോൽപ്പാദന സംസ്കരണ വിപണന സംഘത്തിൽ തുക നിക്ഷേപിച്ച 150ഓളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്. വേങ്ങേരി കേന്ദ്രമായി പ്രവർത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരിക്കടകളും പൗൾട്രി ഫാമും ഹൈപ്പർ മാർക്കറ്റും സംഘത്തിന്‍റെ പേരിൽ തുടങ്ങിയിരുന്നു.

എന്നാൽ പിന്നീട് നഷ്ടത്തിലായതിനെ തുടർന്ന് കടകൾ ഓരോന്നായി അടച്ച് പൂട്ടി. സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് ഡെപ്പോസിറ്റായി വലിയ തുക ഈടാക്കിയെങ്കിലും മാസങ്ങളായി ഇവർക്ക് വേതനം കിട്ടുന്നില്ലെന്നും പരാതിയുണ്ട്. പണം നഷ്ടമായവർക്ക് 2018ൽ മുഴുവൻ തുകയും നൽകാമെന്ന് ചെയർമാൻ രേഖാമുലം അറിയിച്ചിരുന്നെങ്കിലും തിരിച്ച് നൽകാതായതോടെയാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്.

പണം കിട്ടാതായപ്പോള്‍ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു. ജോയിന്‍റ് രജിസ്ട്രാര്‍ നിയമിച്ച അന്വേഷണ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, സംഘം പല സ്ഥാപനങ്ങളും ആരംഭിച്ചത് അനുമതിയില്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പണം ഉടൻ തിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമരം ആരംഭിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios