പയ്യാമ്പലം സ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാനായി ബന്ധുക്കൾ വാങ്ങി നൽകുന്ന നെയ്യുൾപെടെയുള്ള സാധനങ്ങൾ ജീവനക്കാർ മോഷ്ടിക്കുന്നതായി പരാതി

കണ്ണൂർ: പയ്യാമ്പലം സ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാനായി ബന്ധുക്കൾ വാങ്ങി നൽകുന്ന നെയ്യുൾപെടെയുള്ള സാധനങ്ങൾ ജീവനക്കാർ മോഷ്ടിക്കുന്നതായി പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ മോഷണം തെളിഞ്ഞാൽ ജീവനക്കാരെ പുറത്താക്കുമെന്ന് കോ‍ർപറേഷൻ മേയർ വ്യക്തമാക്കി.

രാകേഷിന്റെ ബന്ധുവിന്റെ സംസ്കാരം ഇന്നലെ വൈകിട്ടാണ് പയ്യാമ്പലം സ്മശനാത്തിൽ നടന്നത്. പശുവിൻ നെയ്യും എള്ളെണ്ണയും രാമച്ചവും ഉൾപെടെ ജീവനക്കാർ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി നൽകി. ഈ സാധനങ്ങൾ സംസ്കാരത്തിന് ഉപയോഗിക്കാതെ ജീവനക്കാർ തന്നെ കൈക്കലാക്കുകയാണെന്ന സംശയം തോന്നിയ നാട്ടുകാർ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകവെ ഇവരെ വാഹനം നിർത്തിച്ച് പരിശോധിച്ചു. നെയ്യും എള്ളെണ്ണയും ഉൾപെടെയുള്ളവ വണ്ടിയിൽ നിന്നും കിട്ടി.

സാധനങ്ങൾ മോഷ്ടിച്ച ജീവനക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. ആക്ഷേപം നേരിടുന്നവരെ മൃതദേഹം സംസ്കരിക്കുന്ന ചുമതലയിൽ നിന്ന് ഒഴിവാക്കിയെന്നും, മോഷണക്കുറ്റം തെളിഞ്ഞാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് കണ്ണൂർ കോർപറേഷൻ മേയർ അറിയിച്ചു. കോർപറേഷനിലെ ശുചീകരണ തൊഴിലാളികളാണ് പയ്യാമ്പലത്ത് ശവസംസ്കാരം നടത്തുന്നത്.