Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിന്‍റെ മരണം: കാർ ഓടിച്ചത് അർജുനെന്നും അല്ലെന്നും മൊഴികൾ

ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ബാലഭാസ്ക്കർ തന്നെയാണ് വാഹനം ഓടിച്ചതെന്ന് കെഎസ്ആ‌ടിസി ഡ്രൈവർ അജി ഇന്ന് ക്രൈംബ്രാഞ്ച് മൊഴി നൽകി.

contradicting statements on who drove the car in balabhaskar death
Author
Thiruvananthapuram, First Published Jun 11, 2019, 8:18 PM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ നിർണായക മൊഴികള്‍ പുറത്ത് വന്നു. കൊല്ലത്തെ കടയിൽ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. എന്നാൽ ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെഎസ്ആ‌ർടിസി ഡ്രൈവർ അജി ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കൊല്ലം പള്ളിമുക്കിലുള്ള കടയിൽ നിന്നും ബാലഭാസ്കറും കുടുംബവും ജൂസ് കുടിച്ചത്. ഇവിടെ നിന്നും ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നായിരുന്നു ഡ്രൈവർ അർജ്ജുന്‍റെ മൊഴി. 

പച്ച ഷർട്ടും ബർമുഡയും ധരിച്ച ഒരു യുവായിരുന്നു ഇന്നോവോയുടെ ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്നതെന്നും, ഇയാൾ വണ്ടിയിൽ നിന്നും ഇറങ്ങി ജൂസ് വാങ്ങി പിൻസീറ്റിലിരുന്ന ബാലഭാസ്കറിന് നൽകിയെന്നും രണ്ടു പേരും ജ്യൂസ് പങ്കിട്ട് കഴിച്ചെന്നും കടയിലുണ്ടായിരുന്ന യുവാക്കള്‍ മൊഴി നൽകി. 

വിമാനത്താവളത്തിൽ നിന്നും തിരിച്ചുവരുന്നതിനിടെയാണ് യുവാക്കള്‍ ജ്യൂസ് കടയിൽ കയറിയത്. സെൽഫിയെടുക്കാൻ ബാലഭാസ്കറിന്‍റെ സമീപത്തെത്തിയപ്പോൾ വാഹനം മുന്നോട്ടുനീങ്ങിയെന്നും സാക്ഷികള്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന് മൊഴി നൽകി. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭ്യമാകാത്ത സാഹചര്യത്തിൽ സാക്ഷിമൊഴികൾ നിർണ്ണായകമാണ്. 

അതിനിടെ അപകടസമയത്ത് വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്ന മൊഴി ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ അജി ക്രൈം ബ്രാഞ്ചിനോട് ആവർത്തിച്ചു. നേരത്തെ പൊലീസിനും സമാനമൊഴിയാണ് അജി നൽകിയത്. ബാലഭാസ്കറിനെ തനിക്കറിയില്ലെന്നും പത്രങ്ങളിലെ പടങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും അജി പറഞ്ഞു. 

ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷമിയും മറ്റൊരു സാക്ഷി നന്ദുവും വാഹനമോടിച്ചത് അർജ്ജുനാണെന്ന ഉറച്ച നിലപാടിലാണ്. സാക്ഷികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷം അർജ്ജുന്‍റെ മൊഴി രേഖപ്പെടുത്തും. 

Follow Us:
Download App:
  • android
  • ios