എറണാകുളം: കൂത്താട്ടുകുളത്ത് ചാരായ വാറ്റു കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നര ലിറ്റര്‍ ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായി. ഒലിയപ്പുറം പുളിന്താനത്ത് ജോയി, ഒലിയപ്പുറം കാരൂകുന്നേല്‍ സുനീഷ്, ഇടയാര്‍ വെമ്പന്തറയില്‍ അഭിലാഷ് എന്നിവരാണ് പിടിയിലായത്. 

ഒലിയപ്പുറം- മണ്ണത്തൂര്‍ റോഡില്‍ എംവി.ഐപി കനാല്‍ അക്വഡക്റ്റിന് സമീപം ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിലായിരുന്നു ചാരായ നിര്‍മ്മാണം. വാറ്റു ചാരായം നിര്‍മ്മിക്കുവാന്‍ ഉപയോഗിച്ച വസ്തുക്കളും കസ്റ്റഡിയില്‍ എടുത്തു. പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.