ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ കയറി. പരിസരം മുഴുവൻ ശീലകൾ കൊണ്ട് മൂടിയിരുന്നു.

ഹൈദരാബാദ്: പെട്ടെന്ന് പണം സമ്പാദിക്കാനായി മൊബൈൽ ആപ്പിൽ സ്വകാര്യ നിമിഷങ്ങൾ ലൈവ് സ്ട്രീം ചെയ്ത ഭർത്താവും ഭാര്യയും അറസ്റ്റിലായി. പണം നൽകുന്ന ഉപയോക്താക്കളുമായി ദമ്പതികൾ ആപ്പിലെ ആക്‌സസ് ലിങ്കുകൾ പങ്കിട്ടാണ് സ്വകാര്യനിമിഷങ്ങൾ കാണിച്ചിരുന്നത്. കാർ ഡ്രൈവറായ 41 കാരനും 37 കാരിയുമായ ഭാര്യയുമാണ് അറസ്റ്റിലായത്. ഐഡന്റിറ്റി മറയ്ക്കാൻ ഇവർ മാസ്‌ക് ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് ദമ്പതികൾ സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അവർ കൂട്ടിച്ചേർത്തു. രണ്ട് മാസമായി ദമ്പതികൾ ഇത് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ആംബർപേട്ടിലാണ് ദമ്പതികൾ താമസിക്കുന്നത്. ജൂൺ 17 ന് ഉച്ചകഴിഞ്ഞ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടാസ്‌ക് ഫോഴ്‌സ് സംഘവും ആംബർപേട്ട് പൊലീസും ദമ്പതികളുടെ വീട് റെയ്ഡ് ചെയ്തു. 

ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ കയറി. പരിസരം മുഴുവൻ ശീലകൾ കൊണ്ട് മൂടിയിരുന്നു. ഓൺലൈൻ സെഷൻ ആരംഭിക്കാൻ പോകുന്നതിനിടെയാണ് സംഘം അവരെ പിടികൂടിയത്. പിടിയിലായ സമയത്ത് ഇരുവരും അർധന​ഗ്നരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നാല് മൊബൈൽ ഫോണുകൾ, രണ്ട് ട്രൈപോഡുകൾ, പണമടയ്ക്കൽ വിവരങ്ങൾ അടങ്ങിയ രണ്ട് നോട്ട്ബുക്കുകൾ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കാഴ്ചക്കാരിൽ നിന്ന് 500 മുതൽ 2,000 രൂപ വരെ ഈടാക്കിയിരുന്നു. 

സാമ്പത്തിക പ്രശ്‌നങ്ങൾ മറികടക്കാനാണ് ഓൺലൈൻ സ്ട്രീമിംഗിലേക്ക് തിരിഞ്ഞതെന്ന് പ്രതികൾ സമ്മതിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 296 (പൊതുസ്ഥലത്ത് അശ്ലീലം), ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 67 (എ) എന്നിവ പ്രകാരം സ്വമേധയാ കേസെടുത്തു. ദമ്പതികൾക്ക് കോളേജിൽ പഠിക്കുന്ന രണ്ട് പെൺമക്കളുണ്ട്. മാതാപിതാക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവുണ്ടായിരുന്നില്ല.