പുണെ: ജാതി മാറി വിവാഹം കഴിച്ചതിന് യുവതിയെയും ഭര്‍ത്താവിനെയും യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തി. ബന്ധുക്കളുടെ ആക്രണത്തില്‍ പെണ്‍കുട്ടി മരിക്കുകയും യുവാവിന് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ നിഘോജ് ഗ്രാമത്തിലാണ് സംഭവം. മംഗേഷ് റാന്‍സിങ്(23), ഭാര്യ രുക്മിണി(19) എന്നിവരാണ് മരിച്ചത്. മേയ് ഒന്നിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവന്മാരുമുള്‍പ്പെടുന്ന സംഘമാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ രാമ ഭര്‍ട്ടിയ ഒളിവിലാണ്. അമ്മവന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആറുമാസം മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരാകുന്നത്. ഏപ്രില്‍ 30ന്  വഴക്കിട്ടതിനെ തുടര്‍ന്ന് രുക്മിണി സ്വന്തം വീട്ടിലേക്ക് തിരിച്ചു. തിരിച്ചു വിളിയ്ക്കാനെക്കിയ മംഗേഷിനെ രുക്മിണിയുടെ വീട്ടുകാര്‍ അധിക്ഷേപിക്കുകയും തുടര്‍ന്ന് ഇരുവരുടെയും ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയും ചെയ്തു. അയല്‍വാസികള്‍ ഓടിയെത്തി തീയണച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ രുക്മിണിയെ രക്ഷിക്കാനായില്ല.