Asianet News MalayalamAsianet News Malayalam

'വിധി ഈശ്വരനെ ഓര്‍ത്ത്'; പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാമെന്ന് കോടതി

കേസില്‍ ലജ്ജിക്കുകയാണെന്ന് കോടതി പറഞ്ഞു. പത്ത് വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പിതാവാണ് ആരോപണ വിധേയന്‍. സമൂഹം മുഴുവനും നാണത്താല്‍ തലതാഴ്ത്തണം. നിയമത്തിന് സാധിക്കുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും.
 

court allow to abortion of 10 year old girl who raped by Father
Author
Kochi, First Published Mar 11, 2022, 6:38 AM IST

കൊച്ചി: പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് (Abortion) ഹൈക്കോടതി. കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി (High court)  വിധി പറഞ്ഞത്. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശിച്ചു. പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ സങ്കീര്‍ണതകളും കോടതി പരിഗണിച്ചു. 10വയസ്സുകാരിയുടെ അമ്മയുടെ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശം തേടിയിരുന്നു.

ഗര്‍ഭം 31 ആഴ്ച പിന്നിട്ടെന്നും ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നും കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ 80% സാധ്യതയുണ്ടെന്നും നവജാതശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോര്‍ഡ് അറിയിച്ചു. തുടര്‍ന്നാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്. 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭഛിദ്രത്തിനാണ് നിയമപ്രകാരം അനുമതിയുള്ളത്. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. 

തിരുവനന്തപുരത്തെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ വേണ്ടതു ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശെ നല്‍കി. സ്‌പെഷലിസ്റ്റുകളില്‍നിന്ന് വിദഗ്ധ മെഡിക്കല്‍ സഹായം വേണമെങ്കില്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കാം. ഡയറക്ടര്‍ ആവശ്യമായതു ഉടന്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ലൈങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കണം.  ചികിത്സയും പരിചരണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബോംബൈ ഹൈക്കോടതി സമാനമായ കേസ് പരിഗണിച്ചിട്ടുണ്ടെന്നും കുട്ടി ജീവിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ക്ഷേമത്തിനായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

കേസില്‍ ലജ്ജിക്കുകയാണെന്ന് കോടതി പറഞ്ഞു. പത്ത് വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പിതാവാണ് ആരോപണ വിധേയന്‍. സമൂഹം മുഴുവനും നാണത്താല്‍ തലതാഴ്ത്തണം. നിയമത്തിന് സാധിക്കുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈശ്വരനെ മനസ്സിലോര്‍ത്താണ് നിയമാധികാരം പ്രയോഗിക്കുന്നതെന്നും കോടതി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios