മുംബൈ: വീടിനുപുറത്തുവച്ച് പൂച്ചയെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയയാള്‍ക്ക് പിഴ വിധിച്ച് കോടതി. മഹാരാഷ്ട്രയിലാണ് 40 കാരനായ സഞ്ജയ് ഗഡെയ്ക്ക് കോടതി 9150 രൂപ പിഴ വിധിച്ചത്. മൃഗസംരക്ഷണപ്രവര്‍ത്തകരിലൊരാള്‍ മുംബൈ പൊലീസിന് നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

പൂച്ചയെ കൊന്നതിന് ശേഷം വടിയില്‍ കെട്ടിത്തൂക്കിയതിന്‍റെ ചിത്രമാണ് തെളിവായി സമര്‍പ്പിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഞ്ജയ് കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഇയാള്‍ കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

തന്‍റെ വീട് നശിപ്പിച്ചതിനാലാണ് പൂച്ചയെ കൊന്നതെന്ന് സഞ്ജയ് കോടതിയില്‍ പറഞ്ഞു. സഞ്ജയ് മാനസികവും ശാരീരികവുമായി ആരോഗ്യവാനല്ലെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷ മാത്രമാണ് നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.