പെരിന്തൽമണ്ണ: വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായ ഫെബിൻ വേങ്ങശ്ശേരി (37)യാണ്  അറസ്റ്റിലാത്. പെരിന്തൽമണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഈ വർഷം മാർച്ച് മുതൽ യുവതി താമസിക്കുന്ന വീട്ടിലെത്തി ഫെബിന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് യുവതി  ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ പ്രതി നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാൻ  ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് അവശനിലയിലായ യുവതിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. 

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും  തെളിവുകളുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.