തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കള്ളനോട്ട് പിടികൂടിയ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ നടക്കും. നോഡൽ ഓഫീസർ എന്ന നിലയിൽ ഐ ജി എസ് ശ്രീജിത്താണ് കേസില്‍ മേൽനോട്ടം വഹിക്കുക. കള്ളനോട്ടുകൾ ആർബിഐയുടെ ലാബിൽ പരിശോധനക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.

രണ്ടുജില്ലകളില്‍ നിന്നായി 18 ലക്ഷം രൂപയുടെ കള്ളനോട്ടാണ് വ്യാഴാഴ്ച പൊലീസ് പിടികൂടിയത്. കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിലൊരാളായ കോഴിക്കോട് സ്വദേശി ഷെമീര്‍ ആണ് കേസിലെ മുഖ്യപ്രതി. 

കൊച്ചി , തൃശൂർ, മലപ്പുറം ജില്ലകളിലും കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കോഴിക്കോട് നിന്ന് പിടിയിലായ റഷീദെന്ന ഉണ്ണികൃഷ്ണനാണ് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയെന്നും പൊലീസ് പറഞ്ഞു.