കൊല്ലം: കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് അറസ്റ്റില്‍. ചടയമംഗലത്ത് നിന്ന് മോഷ്ടിച്ച കാറില്‍ കൊല്ലം നഗരത്തിലേക്ക് കടന്ന വിനീതിനെ അതിസാഹസികമായാണ് കൊല്ലം സിറ്റി പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ കൊല്ലത്ത് നിന്നാണ് സിറ്റി പൊലീസിലെ പ്രത്യേക സംഘം വിനീതിനെ അറസ്റ്റ് ചെയ്തത്. 

മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ നടന്ന അമ്പതിലേറെ മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ വിനീത്. കഴിഞ്ഞ മാസം കൊച്ചി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത വിനീത് കൂട്ടാളി മിഷേലിനൊപ്പമാണ് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടതാണ്. വടിവാള്‍ കാട്ടി വാഹനങ്ങള്‍ തട്ടിയെടുത്ത് കടക്കുന്ന വിനീത് ഇന്നലെ കിളിമാനൂരിലെ പെട്രോള്‍ പമ്പിലാണ് ആദ്യം കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ചടയമംഗലത്തെത്തി കാര്‍ കവര്‍ന്നു. കവര്‍ന്ന വാഹനവുമായി പോയ വിനീതിനെ പിന്തുടര്‍ന്ന് പൊലീസ് കൊല്ലം നഗരത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച വിനീതിനെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. കൊല്ലം ഈസ്റ്റ് പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം തിരുവല്ലയിലുണ്ടായ വാഹനമോഷണമടക്കം ആലപ്പുഴ സ്വദേശിയായ വിനീതാണ് നടത്തിയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.