കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയതിന് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനിൽ ഫ്രാൻസിസിന് സസ്‌പെൻഷൻ. അന്വേഷണവിധേയമായാണ് നടപടിയെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു.  കസ്റ്റംസും വിജിലൻസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേരാണ് ഇന്ന് സ്വര്‍ണക്കടത്തിന് പിടിയിലായത്. മൂന്ന് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാൻ, കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസിന് സ്വർണ്ണം കൈമാറുമ്പോൾ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) രണ്ട് പേരയും പിടികൂടുകയായിരുന്നു. പിടിയിലായ ഉദ്യോഗസ്ഥനെ കുറിച്ച് കസ്റ്റംസും വിജിലൻസും അന്വേഷണം നടത്തുമെന്ന് അറിയിച്ചു. 

സ്ഥിരമായി കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയതിനെ  തുടര്‍ന്ന് സുനില്‍ ഫ്രാന്‍സിസ് നിരീക്ഷണത്തിലായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 6.7 കിലോ സ്വർണമാണ്.