തിരുവനന്തപുരം: സംവിധായകനും നടനുമായ മധുപാലിനെതിരെ സൈബർ ആക്രമണം. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമാണ് നൂറുകണക്കിന് ആളുകൾ അസഭ്യം പറയുന്നത്. 'നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്' എന്ന് മധുപാൽ മുമ്പ് ഒരു പൊതുചടങ്ങിൽ സംസാരിച്ചിരുന്നു. ഇടതുപക്ഷത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു ആയിരുന്നു മധുപാലിന്‍റെ വാക്കുകൾ. തുടർന്ന് മധുപാലിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വലിയ സൈബർ പ്രചാരണം നടന്നിരുന്നു. മധുപാൽ മരിച്ചു എന്ന വാർത്തയും സൈബർ അക്രമികൾ പ്രചരിപ്പിച്ചു.

മധുപാലിന്‍റെ വാക്കുകൾ ഇതായിരുന്നു, "ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം"

ഇതേത്തുടർന്ന് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായി ഒരുപറ്റം ആളുകൾ പ്രചരിപ്പിച്ചു. താൻ പറഞ്ഞത് മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉൾക്കൊള്ളുന്നുവെന്ന് മധുപാൽ ഫേസ്ബുക്കിൽ ഏപ്രിൽ മാസം 21ന് ഫേസ്ബുക്കിൽ എഴുതിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വരാൻ മൂന്ന് ദിവസം ശേഷിക്കേ മധുപാലിനെതിരെ വീണ്ടും സൈബർ ആക്രമണം സജീവമായി. പരിഹാസത്തിനും അസഭ്യത്തിനും പുറമേ മധുപാലിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ചിലർ കമന്‍റ് ചെയ്യുന്നുണ്ട്. മധുപാലിന്‍റെ സിനിമയായ 'ഒരു കുപ്രസിദ്ധ പയ്യന്‍റെ' പ്രമോഷണൽ പോസ്റ്ററുകൾക്ക് കീഴെയും അസഭ്യ കമന്‍റുകൾ പ്രവഹിക്കുകയാണ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.