ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരം ദളിത് യുവാവിന്റെ തലയും മീശയും വടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണ്  ഈസ്റ്റ് ഗോദാവരി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലൊന്നില്‍ ക്രൂരത നടന്നത്. രണ്ട് പൊലീസുകാര്‍ ചേര്‍ന്നാണ് ഇയാളെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്. സംഭവത്തില്‍ അപലപിച്ച ഡിജിപി ഗൗതം സവാങ് അന്വേഷണത്തിന് ഉത്തരവിട്ടു. 

ആക്രമണത്തിന് ഇരയായ വെടുല്ലപ്പള്ളി ഗ്രാമത്തിലെ ഐ വാര പ്രസാദിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അമ്മയുടെ മുന്നില്‍ വച്ചാണ് പ്രസാദിനെ അപമാനിച്ചത്. നാട്ടില്‍ ഒരാളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ഒരു മണല്‍ വണ്ടി തടഞ്ഞതുമുതലാണ് സംഭവത്തിന്റെ ആരംഭമെന്ന് പ്രസാദ് പറഞ്ഞു. ഇതിന് പിന്നാലെ പ്രദേശത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അയാളുടെ കാറുകൊണ്ട് തന്നെ ഇടിച്ചു. ഇതോടെ വൈഎസ്ആര്‍സിപി എംഎല്‍എ ഇടപെടുകയായിരുന്നു. 

പ്രസാദിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് എംഎല്‍എ പൊലീസ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. ട്രെയിനിംഗിലിരിക്കുന്ന എസ്‌ഐയോട് ജോലി സ്ഥിരപ്പെടുത്തി നല്‍കാം എന്നും എംഎല്‍എ വാഗ്ദാനം ചെയ്തു. ''തുടര്‍ന്ന് രണ്ട് പൊലീസുകാരും എസ്‌ഐയും ചേര്‍ന്ന് ഞങ്ങളുടെ ഗ്രാമത്തിലെത്തുകയും അന്വേഷണത്തിനെന്ന പേരില്‍ എന്നെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ ബെല്‍റ്റ് ഉപയോഗിച്ച് എന്നെ തല്ലി, മര്‍ദ്ദിച്ചു. ഒരു ബാര്‍ബറെ വിളിച്ച് വരുത്തുകയും എന്റെ തല മുണ്ഡനം ചെയ്യുകയും മീശ വടിക്കുകയും ചെയ്തു. അരുതെന്ന് ഞാന്‍ അപേക്ഷിച്ചിട്ടും അവര്‍ കേട്ടില്ല''  പ്രസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം എസ്‌ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് ഡിഐജി കെ വി മോഹന്‍ റാവു അറിയിച്ചു. സംഭവത്തെ അപലപിച്ച് ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു. ആന്ധ്രാപ്രദേശില്‍ ജംഗിള്‍ രാജ് തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.