Asianet News MalayalamAsianet News Malayalam

ബില്ലടക്കാന്‍ കൊടുത്ത പണത്തില്‍ നിന്നും 3000 രൂപയെടുത്തു; ദളിത് യുവാവിനെ 4 പേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊന്നു

സാഗര്‍ യാദവ് ഇന്ദര്‍ കുമാറിന്റെ വീട്ടിലെത്തുകയും 16,000 രൂപ തിരികെ വാങ്ങി ബാക്കി പണം അടുത്ത ദിവസം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ദര്‍ കുമാറിന് പണം നല്‍കാനായില്ല.  

Dalit man dies  after Thrashed by four men over Rs 3000 at Gurugram
Author
First Published Jan 27, 2023, 2:20 PM IST

ഗുരുഗ്രാം:  ഹരിയാനയിലെ ഗുരുഗ്രാമില്‍ ദളിത് യുവാവിനെ നാലു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മര്‍ദ്ദനമേറ്റ് ഗുരുരുതര പരിക്കുകളുമായി ചികിത്സയിലായിരുന്ന യുവാവ് ഇന്നലെയാണ് മരണപ്പെട്ടത്. ഗുരുഗ്രാമിലെ ഘോഷ്ഗഡ് ഗ്രാമത്തില്‍ പലചരക്കു കട നടത്തുന്ന ഇന്ദര്‍ കുമാറിനെയാണ് നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വൈദ്യുതി ബില്ല് അടയ്ക്കാനായി ഏല്‍പ്പിച്ച പണത്തില്‍ നിന്നും 3000 രൂപ എടുത്തതിനാണ് യുവാവിനെ മര്‍ദ്ദിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പലചരക്കുകട നടത്തുന്ന ഇന്ദര്‍ കുമാറിനെ ഈ ഗ്രാമത്തില്‍ത്തന്നെയുള്ള സാഗര്‍ യാദവ് എന്നയാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് 19,000 രൂപ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ദര്‍ കുമാര്‍ ഈ പണത്തില്‍ നിന്നും 3000 രൂപ തന്‍റെ ആവശ്യത്തിനായി എടുത്തു. വൈദ്യുത ബില്ല് അടയ്ക്കേണ്ട സമയത്തേക്ക് ഈ പണം കണ്ടെത്താന്‍ ഇന്ദര്‍ കുമാറിന് സാധിച്ചില്ല. ബില്‍ അടയ്ക്കാഞ്ഞതോടെ പണം കൊടുത്തയാള്‍ ചോദ്യം ചെയ്തു. 

സാഗര്‍ യാദവ് ഇന്ദര്‍ കുമാറിന്റെ വീട്ടിലെത്തുകയും 16,000 രൂപ തിരികെ വാങ്ങി ബാക്കി പണം അടുത്ത ദിവസം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ദര്‍ കുമാറിന് പണം നല്‍കാനായില്ല.  ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് അക്രമത്തിലേക്ക് എത്തുകയുമായിരുന്നു.  സാഗര്‍ യാദവ് സുഹൃത്തുക്കളുമായി ഇന്ദന്‍ കുമാറിന്‍റെ വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചതെന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വടികളുപയോഗിച്ചായിരുന്നു മര്‍ദ്ദനം. അടിയേറ്റ് അവശനിലയിലായ യുവാവിനെ ഉപേക്ഷിച്ച് പ്രതികള്‍ സ്ഥലം വിട്ടു.

ഗുരുതരമായി പരിക്കേറ്റ നിലയില്‍ വീടിന് സമീപത്തു നിന്നും കണ്ടെത്തിയ യുവാവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ നാലുപേര്‍ക്കുമെതിരേ കൊലപാതകത്തിന് കേസെടുത്തതായി ഗുരുഗ്രാം പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്തതോടെ നാല് പ്രതികളും ഒളിവില്‍ പോയിരിക്കുകയാണ്. പ്രതികളുടെ ഒളിത്താവലം സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു. 

Read More :  തണുപ്പകറ്റാന്‍ കരി കത്തിച്ചത് വിനയായി; സൗദിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios