Asianet News MalayalamAsianet News Malayalam

തണുപ്പകറ്റാന്‍ കരി കത്തിച്ചത് വിനയായി; സൗദിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഒരു തമ്പില്‍ കഴിഞ്ഞിരുന്നവരാണ് തണപ്പകറ്റാനായി മരക്കരി കത്തിച്ചത്. പൂര്‍ണമായും അടച്ച തമ്പില്‍ വായുസഞ്ചാരം ഇല്ലാതായതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം. 

Three died in Saudi Arabia due to asphyxiation caused by burning charcoal inside a tent
Author
First Published Jan 27, 2023, 1:13 PM IST

റിയാദ്: സൗദി അറേബ്യയില്‍ തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് പേര്‍ ശ്വാസം മുട്ടി മരിച്ചു. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ ലേനയ്ക്ക് സമീപം ഏതാനും ദിവസം മുമ്പ് പുലര്‍ച്ചെയായിരുന്നു സംഭവം. മരിച്ചവര്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു തമ്പില്‍ കഴിഞ്ഞിരുന്നവരാണ് തണപ്പകറ്റാനായി മരക്കരി കത്തിച്ചത്. പൂര്‍ണമായും അടച്ച തമ്പില്‍ വായുസഞ്ചാരം ഇല്ലാതായതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച് സ്ഥലത്തെത്തിയ റെഡ് ക്രസന്റ് സംഘം പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് നീക്കി.

Read also: യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു; അന്ത്യം പഠനത്തിനായി എത്തി പത്താം ദിവസം

ഗള്‍ഫ് രാജ്യങ്ങളില്‍ തണുപ്പ് കാലത്ത് സമാനമായ അപകടങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തണുപ്പ് കാലത്ത് പൂര്‍ണമായും അടുച്ചുപൂട്ടിയ മുറികളില്‍ കരി കത്തിച്ചോ സമാനമായ മറ്റ് രീതികളിലോ തീ കൂട്ടി ചൂടുണ്ടാക്കിയ ശേഷം കിടന്നുറങ്ങുന്നവരാണ് അപകടത്തിന് ഇരയാവുന്നത്. തീകൂട്ടുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങള്‍ മുറിയില്‍ നിന്ന് പുറത്തുപോകാതെ തങ്ങി നില്‍ക്കുകയും അത് ദീര്‍ഘനേരം ശ്വസിക്കുമ്പോള്‍ ശ്വാസംമുട്ടി മരണത്തിലേക്ക് നയിക്കപ്പെടുകയുമാണ് ചെയ്യാറുള്ളത്. വിഷവാതകങ്ങള്‍ ശ്വസിച്ച് അബോധാവസ്ഥയിലോ അര്‍ദ്ധബോധാവസ്ഥയിലോ ആകുന്നത് കാരണം ശ്വാസംമുട്ടുമ്പോള്‍ രക്ഷപ്പെടാന്‍ സാധിക്കുകയുമില്ല. ഇത്തരം അപകടങ്ങളെക്കുറിച്ച് അധികൃതര്‍ എല്ലാ വര്‍ഷവും പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്.

Read also: യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു; അന്ത്യം പഠനത്തിനായി എത്തി പത്താം ദിവസം

Follow Us:
Download App:
  • android
  • ios