അമ്പലത്തറ (കാസര്‍കോട്): അലക്കിയിട്ട സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് വിഭാഗത്തില്‍പ്പെടുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് അയല്‍ക്കാരന്‍റെ ക്രൂരമര്‍ദനം. കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് അയല്‍വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അയല്‍വാസി അടിവസ്ത്രം മോഷ്ടിച്ചുവെന്നാരോപിച്ച് അയല്‍വാസിയായ യുവാവ് മര്‍ദിക്കുകയായിരുന്നു. 

കുട്ടിയുടെ മുഖത്ത് മുളക് പൊടി വാരിത്തേച്ച ശേഷമായിരുന്നു മര്‍ദനം.  കുട്ടിയെ കസേരയില്‍ കെട്ടിയിട്ട് ശരീരത്തില്‍ അടിവസ്ത്രം കെട്ടിയിടുകയും ചെയ്ത ഉമേഷ് എന്നയാള്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. എന്നാല്‍ പാഷന്‍ ഫ്രൂട്ട് പറിക്കാന്‍ വേണ്ടി പോയതാണെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ പ്ലസ് വണ്ണുകാരനെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

ഡിസംബര്‍ മുതല്‍ വീട്ടില്‍ കഴുകിയിടുന്ന അടിവസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥി മോഷ്ടിച്ചെന്നാണ് യുവാവിന്‍റെ ആരോപണം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യുവാവിന്‍റെ കൈവശമുണ്ടെന്നും യുവാവ് വാദിക്കുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിച്ചെന്ന അമ്മ കണ്ടത് മുളകുപൊടിയില്‍ കുളിച്ച് മര്‍ദനമേല്‍ക്കുന്ന മകനെയാണ്. മകന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവ് വീഡിയോ കാണിച്ചെന്നും എന്നാല്‍ അതില്‍ ഒന്നും കണ്ടില്ലെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്. 

പാഷന്‍ ഫ്രൂട്ട് ചെടിയുടെ അടുത്ത് വച്ചായിരുന്നു കുട്ടിയെ മര്‍ദിച്ചതെന്നും അമ്മയുടെ പരാതി വിശദമാക്കുന്നു. മകന്‍ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചെന്ന് സംശയം തോന്നിയിരുന്നെങ്കില്‍ തന്നോട് അയല്‍വാസികള്‍ക്ക് അത് പറയാമായിരുന്നില്ലേയെന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മാതാവ് ചോദിക്കുന്നു. ഉമേഷിന്‍റെ ഭാര്യയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പരാതിയില്‍ വിശദമാക്കുന്നു. ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.