മനേക്വാഡ ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് 2018 ലാണ്‌ നാഞ്ചി സൊന്ദര്‍വ്വയെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ ആറ്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. 

രാജ്‌കോട്ട്‌: പിതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ച ദളിത്‌ യുവാവിന്‌ ദാരുണാന്ത്യം. ഗുജറാത്തിലെ മനേക്വാഡ ഗ്രാമത്തിലാണ് സംഭവം. മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന നാഞ്ചി സൊന്ദര്‍വ്വയുടെ മകന്‍ രാജേഷ്‌ സൊന്ദര്‍വ്വയാണ്‌ കൊല്ലപ്പെട്ടത്‌. ജാമ്യം റദ്ദാക്കാന്‍ ശ്രമിച്ചതും കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാകാഞ്ഞതുമാണ്‌ രാജേഷിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് പൊലീസ്‌ പറഞ്ഞു.

മനേക്വാഡ ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് 2018 ലാണ്‌ നാഞ്ചി സൊന്ദര്‍വ്വയെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ ആറ്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഉപാധികളോടെ പിന്നീട്‌ ഇവര്‍ക്ക്‌ ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇവരിലൊരാളായ ജിതേന്ദ്രസിംഗ്‌ ചന്ദുബായെ ജാമ്യവ്യവസ്ഥ ലംഘിച്ച്‌ മനേക്വാഡയില്‍ വച്ച് കണ്ടതോടെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ രാജേഷ്‌ കോടതിയെ സമീപിച്ചത്‌.

തുടര്‍ന്നാണ്‌ സുഹൃത്തിനൊപ്പം വീട്ടിലേക്ക്‌ പോവുകയായിരുന്ന രാജേഷിനെ അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു. രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ജിതേന്ദ്രസിംഗിന്റെ ബന്ധുക്കളടക്കമുള്ള എട്ട്‌ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.