ബല്ല്യ(ഉത്തര്‍പ്രദേശ്): കൈകഴുകാതെ ഭക്ഷണം തൊട്ടത്തിന് ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ബല്ല്യ ജില്ലയിലാണ് സംഭവം. ത്രിശൂലമുപയോഗിച്ചാണ് നാല് പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്. ദോകതി ഗ്രാമത്തില്‍ സമുദായം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്ക് ഗ്രാമത്തിലെ എല്ലാവരെയും ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ ജോലിചെയ്തിരുന്ന കല്‍ക്കരി ഷോപ്പില്‍ നിന്ന് എത്തിയ ഉപേന്ദ്ര റാം എന്ന യുവാവ് കൈകഴുകാതെ ഭക്ഷണം സ്വയം എടുത്തു. ഇതില്‍ പ്രകോപിതരായ സംഘമാണ് ഇയാള്‍ക്ക് നേരെ ആക്രമണമഴിച്ചുവിട്ടത്.

നിലത്തുവീണ ഉപേന്ദ്ര റാമിനെ ശൂലമെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്യുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞു.