ഗൂഡല്ലൂര്‍: കൂളിംഗ് ഗ്ലാസ് ധരിച്ച് ബൈക്കില്‍ യാത്ര ചെയ്തതിന് ദലിത് യുവാവിന് മേല്‍ജാതിക്കാരുടെ ക്രൂരമര്‍ദ്ദനം. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. ജി അളഗേശന്‍(20) എന്ന യുവാവാണ് ശനിയാഴ്ച മര്‍ദ്ദനത്തിനിരയായത്. സഹോദരന്‍റെ ഭാര്യയോടൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഗോപി എന്നയാള്‍ തടഞ്ഞുനിര്‍ത്തുകയും തന്നെയും സഹോദരന്‍റെ ഭാര്യയെയും അപമാനിക്കുകയും ചെയ്തു. ഇനി മേലാല്‍ സണ്‍ ഗ്ലാസ് ധരിച്ച് ബൈക്കില്‍ ഗ്രാമത്തിലൂടെ യാത്ര ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അളഗേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗൂഡല്ലൂരിലെ പട്ടിക്കുടിക്കാട് ഗ്രാമത്തിലാണ് ഇവര്‍ താമസം. സഹോദരന്‍റെ ഭാര്യയെ ശാരീരികമായി അപമാനിക്കാനും ശ്രമിച്ചു. സംഭവം തന്‍റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍, വൈകുന്നേരത്തോടെ ഗോപിയടക്കമുള്ള ആറുപേര്‍ വീടിന് മുന്നിലെത്തി അധിക്ഷേപം തുടര്‍ന്നു.

എതിര്‍ക്കാന്‍ ശ്രമിച്ച അമ്മയെ മര്‍ദ്ദിച്ചു.  തടയാന്‍ ശ്രമിച്ച തന്നെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്ന് അളഗേശന്‍ പറഞ്ഞു. അതേസമയം, ജാതി ആക്രമണമാണെന്ന വാദം പൊലീസ് നിരാകരിച്ചു. പരാതിക്കാര്‍ മദ്യപിച്ചിരുന്നെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നുമാണ് പൊലീസ് വാദം. എന്നാല്‍, താന്‍ മദ്യപിച്ചെന്ന പൊലീസ് വാദം കള്ളമാണെന്ന് അളഗേശന്‍ പറഞ്ഞു. ഗോപി സ്ഥിരമായി ഞങ്ങളെ ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും അളഗേശന്‍ പറഞ്ഞു. 

കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപിയടക്കമുള്ള മറ്റ് പ്രതികള്‍ ഒളിവിലാണ്. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ പ്രക്ഷോഭത്തിനിറങ്ങി.