ഭര്‍ത്തൃവീട്ടില്‍ മകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന്‍റെ കാരണമറിയാൻ കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി നിയമപോരട്ടാത്തിലാണ് മലപ്പുറം പെരിന്തല്‍മണ്ണയിലെ മാതാപിതാക്കള്‍.

മലപ്പുറം: ഭര്‍ത്തൃവീട്ടില്‍ മകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന്‍റെ കാരണമറിയാൻ കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി നിയമപോരട്ടാത്തിലാണ് മലപ്പുറം പെരിന്തല്‍മണ്ണയിലെ മാതാപിതാക്കള്‍.പെരിന്തല്‍മണ്ണ പൊലീസില്‍ നിന്ന് നീതി കിട്ടാതായതോടെയാണ് ഉമ്മറും ഭാര്യ സുഹ്റയും കോടതിയെ സമീപിച്ചത്.

നൊന്തു പ്രസവിച്ച് സ്നേഹിച്ചു വളര്‍ത്തിയ മകള്‍ അകാലത്തില്‍ വിട്ടുപോയതു മുതല്‍ തുടങ്ങിയതാണ് ഈ അമ്മയുടെ സങ്കടം. ഫാത്തിമ ഫത്തീം 2019 ഏപ്രില്‍ 12നാണ് ഭര്‍ത്താവ് മുഹമ്മദ് നബീലിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഹൈസ്കൂള്‍ പഠനകാലത്തെ പ്രണയമാണ് ഫാത്തിമ ഫത്തീം-മുഹമ്മദ് നബീല്‍ വിവാഹത്തിലെത്തിയത്.

ഫാത്തിമ മരിക്കുമ്പോള്‍ പത്തുമാസം പ്രായമുള്ള ഒരു മകനുമുണ്ട് ഇവര്‍ക്ക്. മകള്‍ ആത്മഹത്യ ചെയ്തതാണോ, ആണെങ്കില്‍ അതിന്‍റെ കാരണമെന്ത്, സ്ത്രീധനമടക്കമുള്ള കാര്യങ്ങളിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കാരണം പെൺകുട്ടിക്ക് കൊടിയ പീഡനമുണ്ടായോ, എന്നതടക്കമുള്ള ഒരു ചോദ്യത്തിനും ഫാത്തിമ ഫത്തീമിന്‍റെ മാതാപിതാക്കള്‍ക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.

മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടും തൂങ്ങാനുപയോഗിച്ച കയര്‍ പൊലീസ് പരിശോധിച്ചില്ല. ഫാത്തിമ ഫത്തീമിന്‍റെ മൊബൈല്‍ഫോൺ പരിശോധിക്കാനും പൊലീസ് തയ്യാറായില്ല. നീതി തേടി കോടതികളില്‍ നിയമ പോരാട്ടത്തിലാണ് ഈ കുടുംബം.പേരക്കുട്ടിയെ വിട്ടുകിട്ടാനുള്ള നിയമ പോരാട്ടം കുടുംബകോടതിയിലും തുടരുന്നു.