നോയിഡ: അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ദമ്പതികളുടെ ഭാഗികമായി അഴുകിയ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ശശി ത്യാഗി (56) ഭാര്യ രേണു ത്യാഗി (52) എന്നിവരുടെ മൃതദേഹങ്ങളാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും കണ്ടെടുത്തത്.

അപ്പാര്‍ട്ട്മെന്‍റില്‍ നിന്നുമെത്തിയ അഴുകിയ മണത്തെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നതിനാല്‍ പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കയറുകയായിരുന്നു. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ഭര്‍ത്താവിന്‍റെ മൃതദേഹം. അടുത്ത മുറിയിലെ ബെഡിലായിരുന്നു ഭാര്യയുടെ മൃതദേഹം. 

പ്രോപ്പര്‍ട്ടി ഡീലറായ ഭര്‍ത്താവിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളു.