ദില്ലി : യുവതിയുടെ അഴുകിയ മൃതദേഹം ബാഗിലാക്കിയ നിലയില്‍ ഓവുചാലില്‍ നിന്നും കണ്ടെത്തി. ദില്ലിയിലെ കരവല്‍ നഗറിലെ ഓവ് ചാലിന് സമീപത്തുനിന്നും ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഓവുചാലിന്‍റെ അടുത്ത് കൂടി നടന്ന് പോയ യാത്രക്കാരന് ബാഗ് ആദ്യം കണ്ടത്. 

തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. കണ്ടെത്തിയ മൃതദേഹത്തിന് 25 വയസ് പ്രായം ഉണ്ടായിരിക്കാം എന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ അടുത്തുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സ്‌റ്റേഷനില്‍ കാണാതായെന്ന് ലഭിച്ച പരാതികള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് വാര്‍ത്ത ഏജന്‍സി എഎന്‍ഐയോട് അറിയിച്ചു.