നാൽപതിനായിരം രൂപ ശമ്പളം പ്രതീക്ഷിച്ചാണ് ദീപക് കൃഷ്ണൻ നടത്തിയിരുന്ന ഷെൽട്ടർ ഹോമിലെ നായകളെ നോക്കുന്നതിനായി വാടാനപ്പള്ളി സ്വദേശിയായ യുവതി ബെംഗളൂരുവിലേക്ക് പോയത്.
ബെംഗളൂരു: ബെംഗളൂരുവില്‍ മര്‍ദ്ദമേറ്റ് യുവതി മരിച്ച സംഭവത്തിലെ പ്രതി ദീപക് കൃഷ്ണൻ സ്ഥിരം അക്രമിയെന്ന് പൊലീസ് കണ്ടെത്തൽ. 2024ൽ കൊച്ചിയിൽ മൃഗ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിന് ദീപക് അറസ്റ്റിലായിരുന്നു, കൊക്കെയ്ൻ കൈവശം വച്ചതിനും കേസുണ്ട്. ദുബായിൽ ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു ദീപക്. സഹപ്രവർത്തകരിൽ 3 കോടി തട്ടിയതിന് പിന്നാലെ ദുബായിൽ ജയിലിലായി. ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോർട്ടിൽ ദീപക് ഇന്ത്യയിലേയ്ക്ക് കടക്കുകയായിരുന്നു. യുവതി ഇയാളിൽ നിന്നും നേരിട്ടത് ക്രൂരപീഡനം ആയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. സംഭവം നടന്ന മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ കർണാടക പൊലീസിന് ആയിട്ടില്ല.
മർദ്ദനമേറ്റ് യുവതി അബോധാവസ്ഥയിലായതിനു പിന്നാലെ ദീപക് കൃഷ്ണൻ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇയാൾക്കായുള്ള തെരച്ചിൽ കർണാടക പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലെത്തിയ പൊലീസ് സംഘം യുവതിയുടെ ബന്ധുക്കളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചു. ദീപക് കൃഷ്ണന്റെ ക്രിമിനൽ പശ്ചാത്തലം തെളിയിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദുബായിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പെട്ട് ജയിലിൽ ആയിരുന്ന ഇയാൾ, വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് മടങ്ങിയെത്തിയത്. 2024 ൽ കൊച്ചിയിലെ മൃഗാശുപത്രിയിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനും, ലഹരി കച്ചവടത്തിനും ഇയാൾ അറസ്റ്റിൽ ആയിട്ടുണ്ട്. ദീർഘകാലമായി ബംഗളൂരുവിലാണ് താമസം. നായകളെ വളർത്തുന്നതാണ് പ്രധാന വിനോദം.
നാൽപതിനായിരം രൂപ ശമ്പളം പ്രതീക്ഷിച്ചാണ് ദീപക് കൃഷ്ണൻ നടത്തിയിരുന്ന ഷെൽട്ടർ ഹോമിലെ നായകളെ നോക്കുന്നതിനായി വാടാനപ്പള്ളി സ്വദേശിയായ യുവതി ബെംഗളൂരുവിലേക്ക് പോയത്. ഞായറാഴ്ച വൈകുന്നേരം ലൈംഗിക ഉദ്ദേശത്തോടെ ദീപക് യുവതിയെ സമീപിക്കുകയായിരുന്നു. എതിർത്തതോടെയാണ് മർദ്ദനം ആരംഭിച്ചത്. അബോധാവസ്ഥയിൽ ആകുന്നതുവരെ മർദ്ദിച്ച ശേഷം ഇയാൾ മുറിപൂട്ടി കടന്നുകളഞ്ഞു. ദീപക് കൃഷ്ണന്റെ ക്രിമിനൽ പശ്ചാത്തല ത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് പറയുന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.


