ദില്ലി:  രാജ്യത്ത് കഴിഞ്ഞ വര്‍ഷം വിദേശികള്‍ക്ക് നേരെ നടന്ന കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ദില്ലിയിലിലെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. വിദേശികള്‍ക്ക് നേരെയുണ്ടായ ആകെ കുറ്റകൃത്യങ്ങളില്‍ 30.1 ശതമാനമണ് ദില്ലിയില്‍ നടന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഇത് യഥാക്രമണം 11.7 ശതമാനവും 11.2 ശതമാനവുമാണ്. 

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം വിദേശികള്‍ക്ക് നേരെയുണ്ടായ ബലാത്സംഗം, കൊലപാതകം, മോഷണം അടക്കം 2019 ല്‍ 409 കേസുകളാണ് രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ ഇത് 517 ഉം, 2017 ല്‍ ഇത് 492 മായിരുന്നു. 

ആകെ കേസിന്റെ 53 ശതമാനം ദില്ലി, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദില്ലിയില്‍ 123 ഉം മഹാരാഷ്ട്രയില്‍ 48 ഉം കര്‍ണാടകയില്‍ 46 ഉം കേസുകളാണ് ഉള്ളത്. 

തമിഴ്‌നാട് 5.6 ശതമാനം, ഗോവയിലും ഉത്തര്‍പ്രദേശിലും 5.1 ശതമാനം, ഹരിയാനയില്‍ 4.6 ശതമാനം, രാജസ്ഥാനില്‍ 3.9 ശതമാനം, കേരളത്തിലും അസ്സമിലും 3.7 ശതമാനവും മധ്യപ്രദേശില്‍ 3.2 ശതമാനവുമാണ് കേസുകള്‍. ആകെ കേസുകളില്‍ 13 കൊലപാതകം, 12 ബലാത്സംഗം, അഞ്ച് തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് രജിസ്റ്റര്‍ ചെയ്തത്. 

2019 ല്‍ രാജ്യത്ത് ദിനം പ്രതി ഏകദേശം 79 കൊലപാതകങ്ങള്‍ നടന്നിരുന്നുവെന്നും എന്‍സിആര്‍ബി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 ല്‍ മാത്രം 28918 കൊലപാതകക്കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്.