ദില്ലി: വിലകൂടിയ വസ്ത്രം വാങ്ങിച്ചതിന് പതിനേഴുകാരൻ സഹോദരിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട വനിതാക്കമ്മീഷൻ അംഗങ്ങളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നൂറ് രൂപയുടെ വസ്ത്രം വാങ്ങിച്ചതിനാണ് സ്വന്തം അനുജന്‍റെ ക്രൂരതയ്ക്ക് കൗമാരക്കാരി ഇരയായത്. പെണ്‍കുട്ടിയെ ഏറെ നേരം ഉപദ്രവിച്ച ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ ബീഹാറിലെ ഗ്രാമത്തിലായിരുന്നു.

ദ്വാരകയിലെ വീടുകളില്‍ സ്ഥിരമായി നടത്തി വന്നിരുന്ന സന്ദർശനത്തിനിടെയാണ് മഹിളാ പഞ്ചായത്ത് അംഗങ്ങള്‍ കുട്ടിയുടെ കരച്ചില്‍ കേട്ടത്. വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചപ്പോള്‍ പതിനേഴുകാരൻ ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വനിതാ കമ്മീഷനെ വിവരമറിയിക്കുകയായിരുന്നു.

കമ്മീഷൻ എത്തുമ്പോള്‍ മുറിവേറ്റ് രക്തമൊലിക്കുന്ന മുഖവുമായി ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു പെണ്‍കുട്ടി. മുഖം നിറയെ നീരുവന്ന് തടിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായി.

തന്നെയും സഹോദരൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ഇളയകുട്ടിയും കമ്മീഷനോട് വെളിപ്പെടുത്തി. പ്രായപൂർ‍ത്തിയാകാത്ത പ്രതിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടു.