ദില്ലി:  മെഡിക്കല്‍ കമ്പനി റിപ്രസെന്റേറ്റീവിനെ ബലാത്സംഗം ചെയ്ത ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലാണ് സംഭവം. സിറ്റി ആശുപത്രി ഡോക്ടര്‍ കൂടിയായ പ്രതി ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പേരുകേട്ട മെഡിക്കല്‍ കമ്പനിയിലെ റെപ്രസെന്റേറ്റീവായിരുന്നു യുവതി. ദില്ലി സത്രഗഞ്ച് ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായത്.

മെയിലാണ് മെഡിക്കല്‍ റെപ്പായ യുവതി ഡോക്ടറെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ദില്ലിയിലെ ഗ്രീന്‍ പാര്‍ക്ക് പ്രദേശത്തുള്ള കോഫി ഹൗസില്‍ വെച്ച് വീണ്ടും കൂടിക്കണ്ടു. മെയ് പത്തിന് ഡോക്ടര്‍ യുവതിയെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. മുറിയിലെത്തിയ യുവതിക്ക് തണുത്ത പാനീയം നല്‍കി. പാനീയം കുടിച്ചതും യുവതിയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ ഡോക്ടര്‍ യുവതിയെ ബലാത്സംഗം ചെയ്തു. 

ബോധം തിരികെ കിട്ടിയ യുവതി ഡോക്ടറെ ചോദ്യം ചെയ്യുകയും മറ്റും ചെയ്തതോടെ ഇയാള്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവിന് ദൃശ്യങ്ങള്‍ അയച്ച് കൊടുക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് മാസങ്ങളായി യുവതിയെ ഭീഷണിപ്പെടുത്തി ഡോക്ടര്‍ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. സഹിക്കാതായതോടെ യുവതി പോലീസില്‍ വിവരം അറിയിച്ചു. 

അന്വേഷണത്തില്‍ യുവതിയുടെ പരാതി ശരിയാണെന്ന് മനസിലായ ദില്ലി പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.