ഇതരമതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ ഇരുവരും സൗഹൃദം തുടര്‍ന്ന് ഇവരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും രാഹുലിനെ മര്‍ദ്ദിക്കുകയായിരുന്നു. 

ദില്ലി: ദില്ലിയില്‍ 18കാരനായ വിദ്യാര്‍ത്ഥിയെ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പശ്ചിമ ദില്ലിയിലെ ആദര്‍ശ്‌നഗറിലാണ് സംഭവം. ദില്ലി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രാഹുല്‍ കുമാറിനെയാണ് അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് രാഹുല്‍ ക്രൂരമര്‍ദ്ദനത്തിനിരയായത്. ഇതരമതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ ഇരുവരും സൗഹൃദം തുടര്‍ന്ന് ഇവരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും രാഹുലിനെ മര്‍ദ്ദിക്കുകയായിരുന്നു. ദില്ലി ബിആര്‍ജെഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാഹുല്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പ്ലീഹ തകര്‍ന്നതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാഹുലിന്റെ കുടുംബത്തിന്റെ പരാതിയില്‍ കൊലപാതകക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ സഹോദരന് മുഹമ്മദ് രാജ്, മന്‍വര്‍ ഹുസൈന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും മറ്റ് മാനങ്ങള്‍ നല്‍കരുതെന്നും പൊലീസ് അറിയിച്ചു. 

പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. മറ്റ് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് നല്‍കിയിരുന്ന വിദ്യാര്‍ത്ഥിയാണ് രാഹുല്‍. മറ്റുള്ളവരെ സഹായിക്കാനുള്ള സന്മനസ്സുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സംഭവം കൂടുതല്‍ സങ്കടകരമാണെന്നും രാഹുലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.