കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് അറസ്റ്റിലായ കുട്ടിക്കള്ളന്മാർ മോഷ്ടിച്ച സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. എട്ട് ബൈക്കുകൾ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോണ്‍ എന്നിവയടക്കമുള്ള വസ്തുക്കളാണ് മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം കോടതി റിമാന്‍റ് ചെയ്ത നാല് മോഷ്ടാക്കളെ കഴി‍ഞ്ഞ ദിവസമാണ് പന്നിയങ്കര പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

മുഖദാർ സ്വദേശികളായ മുഹമ്മദ് അറഫാൻ, മുഹമ്മദ് അജ്മൽ എന്നിവരെയും പ്രായപൂർത്തിയാവാത്ത കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികളെയുമാണ് പൊലീസ് പിടികൂടിയിരുന്നത്. ഇരുപതിലേറെ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്തതിൽ നിന്നും നഗരത്തിലെ നിരവധി പൊലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിലെ പ്രതികൾ ഇവരാണെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.

നിരവധി ബൈക്കുകളും ഇവർ മോഷണം നടത്തിയതായി സമ്മതിച്ചു. ഇതിൽ എട്ട് ബൈക്കുകളാണ് പൊലീസിന് കണ്ടെത്താനായത്. കൂടാതെ സ്മാർട്ട് വാച്ചുകളും മൊബൈൽ ഫോണുകളും പണവും കൊറിയർ സ്ഥാപനങ്ങളിൽ നിന്നുള്ള സാധനങ്ങളും ഇവർ മോഷ്ടിച്ചു. ഇതിൽ ചിലത് പൊലീസിന് കണ്ടെടുക്കാനായിട്ടുണ്ട്. കൂടുതൽ ബൈക്കുകൾ ഉടൻ കണ്ടെത്താനാവുമെന്നും പൊലീസ് പറഞ്ഞു.

അര്‍ഫാനാണ് ടീം ലീഡര്‍. വീട്ടുകാര്‍ അറിയാതെയാണ് സംഘത്തിന്‍റെ മോഷണം. വളരെ നേരത്തെ വീട്ടില്‍ കയറുകയും രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവീട്ടിറങ്ങി ബൈക്കുകളില്‍ കറങ്ങി മോഷണ നടത്തുകയുമാണ് ഇവരുടെ രീതി. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് രീതി. ഗോവയില്‍ പോയി സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കും.

നിശാ ക്ലബുകളില് സന്ദര്‍ശിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വിലകൂടിയ വസ്ത്രങ്ങളും ഷൂകളും വാങ്ങിയും പണം തീ‍ര്‍ക്കാറാണ് സംഘത്തിന്‍റെ പതിവ്. കോഴിക്കോട് നഗര പരിധിയില്‍ രാത്രിയില്‍ കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പടെയുള്ള സംഘം മോഷണം നടത്തുന്നതായി പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിറ്റി ക്രൈം സ്ക്വാഡ് പതിനെട്ട് വയസായ രണ്ട് പേരേയും രണ്ട് കുട്ടിക്കള്ളന്മാരേയും പിടികൂടിയത്.