കോളിളക്കം സൃഷ്ടിച്ച കാസർകോട് ദേവലോകം ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച കാസർകോട് ദേവലോകം ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കർണാടക ശിവമോഗ സ്വദേശി ഇമാം ഹുസൈനെയാണ് ഹൈക്കോടതി വിട്ടയച്ചത്. പൂവൻ കോഴി കൊലപാതകത്തിന് ദൃക്സാക്ഷിയും തെളുവുമായ അപൂർവ കേസ് കൂടെയാണിത്.

1993 ഒക്ടോബർ ഒൻപതിന് രാത്രിയാണ് പെർല ദേവലോകത്തെ ശ്രീകൃഷ്ണ ഭട്ടും, ഭാര്യ ശ്രീമതി ഭട്ടും കൊല്ലപ്പെടുന്നത്. വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തിതരാമെന്ന് വിശ്വസിപ്പിച്ചെത്തിയ ഇമാം ഹുസൈൻ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും കവരുകയായിരുന്നു. 

പ്രസാദമെന്ന വ്യാജേന മയക്കുമരുന്ന് കലർത്തിയ വെള്ളം വീട്ടുകാർക്ക് നൽകി. പിന്നീട് ശ്രീകൃഷ്ണ ഭട്ടിനോട് വീട്ടുവളപ്പിൽ തെങ്ങിൻതൈ നടാനെടുത്ത കുഴിയിൽ ഇറങ്ങി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച ഭട്ടിനെ മൺവെട്ടികൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. 

ശ്രീമതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന് രക്ഷപ്പെടുകായായിരുന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികൾക്ക് രാവിലെ ബോധം തെളിഞ്ഞതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. പൂജയ്ക്കായി പ്രതി കൊണ്ടുവന്ന പൂവൻകോഴിയെ സാക്ഷിയായി പരിഗണിച്ച് കോടതിയിൽ ഹാജരാക്കിയതും പിന്നീട് പൊലീസിനോട് സംരക്ഷിക്കാൻ ആവശ്യപ്പെട്ടതും കേസിലെ അപൂർവതയായിരുന്നു. 

15 വർഷമായിട്ടും ലോക്കൽ പൊലീസിന് പ്രതിയെ കണ്ടെത്താനാവത്തതിനാൽ 2008 ൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 19 വർഷത്തിന് ശേഷം 2012ലാണ് കർണാടകയിലെ തുംകൂരിൽ നിന്നും പ്രതിയെ പിടികൂടിയത്. വിചാരണക്കോടതി പ്രതിക്ക് ഇരട്ട ജീവപര്യാന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പ്രതി നൽകിയ അപ്പീൽ പരഗണിച്ചാണ് ഹൈക്കോടതി വെറുതെ വിട്ടത്. മതിയായ തെളിവുകൾ ഇല്ലെന്നും സാഹചര്യ തെളിവുകൾ മാത്രം പരിഗണിക്കാനാവില്ലെന്നും ചുണ്ടിക്കാട്ടിയാണ് ഉത്തരവ്.

കൊലപാതകം നടന്ന് 20 വർഷം കഴിഞ്ഞാണ് പ്രതിയെ പിടികൂടാനായത്. കൊലക്ക് ഉപയോഗിച്ച കത്തിയും മോഷ്ടിച്ച സ്വർണാഭരണങ്ങളും കണ്ടെത്താനായിരുന്നില്ല. ഈ കാലതാമസം കേസിനെ ബാധിച്ചെന്നാണ് വിലയിരുത്തൽ. കാൽ നൂറ്റാണ്ട് മുമ്പ് നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടു എന്നറിഞ്ഞ് ഞെട്ടലിലാണ് നാട്ടുകാർ. മേൽക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും വ്യക്തമാക്കി.