കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരനായ സോനു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സൃഹൃത്ത് മധ്യപ്രദേശിലേക്ക് കടന്നെന്ന് സൂചന. കഴിഞ്ഞ ഞായറാഴ്ചയാണ് മധ്യപ്രദേശ് സ്വദേശിയായ സോനുവിനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെരുമ്പാവൂർ കൂവപ്പടിയിൽ ഐമുറിക്ക് സമീപമായിരുന്നു സോനുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന നിഗമനത്തിൽ കോടനാട് പൊലീസെത്തിയത്. കൊല്ലപ്പെട്ട സോനുവിന്‍റെ ഇതര സംസ്ഥാനക്കാരനായ സുഹൃത്തിനെയാണ് പൊലീസ് സംശയിക്കുന്നത്. 

ഇയാൾ മധ്യപ്രദേശിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ തേടി അന്വേഷണസംഘം മധ്യപ്രദേശിലേക്ക് പോയേക്കും. എന്നാൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ആദ്യം അസ്വഭാവിക മരണത്തിനായിരുന്നു പോലീസ് കേസെടുത്തിരുന്നത്. സോനുവിന്‍റെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെയും തലയിൽ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിന്‍റെയും പാടുകൾ കണ്ടെത്തിയിരുന്നു. 

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം മൽപ്പിടുത്തം നടന്നതിന്‍റെ തെളിവുകളും ലഭിച്ചു. ഇതാടെയാണ് സംഭവം കൊലപാതകമാണന്ന നിഗമനത്തിലേയ്ക്ക് പൊലീസ് എത്തിയതും അന്വേഷണം സോനുവിന്‍റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് നീങ്ങിയതും. പെരുന്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സോനു.