ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ (Dheeraj murder case) ഒന്നാം പ്രതി നിഖിൽ പൈലി (Nikhil Paili) ഒഴികെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് ജാമ്യം. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഹാജരായി.
കേസിൽ ഉൾപ്പെട്ട ഏഴാം പ്രതി ജസിൻ ജോയി, എട്ടാം പ്രതി അലൻ ബോബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും കെഎസ്‌യുവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ പ്രധാന തെളിവായ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല.
ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്ഐആര്‍
ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നാണ് എഫ്ഐആര്‍. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാർ മർദ്ദിച്ചപ്പോഴാണ് കുത്തിയത്. പേന കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ക്യാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
നിഖില്‍ പൈലിയെ ന്യായീകരിച്ച് കെ സുധാകരന്‍
ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്‍റെ കുട്ടികൾ ജയിലിൽ കിടക്കുകയാണ്. എന്താണ് അവർ ചെയ്ത കുറ്റം. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോയെന്നും സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന്‍ രൂക്ഷ വിമര്‍ശനം നടത്തി.
പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നുമായിരുന്നു സുധാകരന്‍റെ പരിഹാസം. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെയുടെ പ്രവർത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു. ഒന്നാം സർക്കാരിന്‍റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല. ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നു. ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജൻസി എടുത്ത കേസുകൾ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.
അതേസമയം ഡിസിസി പുനഃസംഘടന രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് സുധാകരന്‍ അറിയിച്ചത്. ജമ്പോ കമ്മിറ്റി ഉണ്ടാവില്ല. പിന്നിൽ നിന്ന് കുത്തി എന്നത് വി ഡി സതീശന്‍റെ ആലങ്കാരിക പ്രയോഗമാണ്. സതീശനുമായി പ്രശ്നങ്ങളില്ല. കോൺഗ്രസിൽ പുതിയ ഗ്രൂപ്പുകൾ ഉണ്ടാവില്ല. ലഭിച്ച പരാതികൾക്കെല്ലാം പരിഹാരം കണ്ടെത്തിയെന്നും സുധാകരൻ പറഞ്ഞു.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിന്‍റെ നിലപാടായിരുന്നു ശരി. അന്നത്തെ കോൺഗ്രസ് നിലപാടിൽ ഖേദിക്കുന്നെന്നും കെ സുധാകരൻ ഇടുക്കിയിൽ പറഞ്ഞു. കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും സുധാകരൻ പറഞ്ഞു. എന്തു വിലകൊടുത്തും കെ റെയില്‍ നടപ്പാക്കുന്നത് തടയും. കേരളത്തെ വലിയ കടക്കെണിയിൽ തള്ളിയിടുന്നതാണ് പിണറായിയുടെ കെ റയിൽ പദ്ധതിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.
