ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു; 27-കാരൻ പിടിയിൽ
ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത. കേസിൽ പ്രതി അറസ്റ്റിൽ

ആലപ്പുഴ: നൂറനാട് ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. നൂറനാട് സ്വദേശി 27- കാരനായ പ്രണവാണ് പിടിയിലായത്. അവശയായ യുവതി മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ പ്രണവ് തടഞ്ഞുനിർത്തുകയും വാപൊത്തി പിടിച്ചു വലിച്ചിഴച്ച് സ്വന്തം വീട്ടിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ക്രൂരമായി ബലാൽസംഗം ചെയ്തു. റോഡിൽ വച്ചുണ്ടായ പിടിവലിക്കിടയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ തെറിച്ച് വീണിരുന്നു.
ഇത് കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ അവശയായ യുവതിയെ പ്രണവിന്‍റെ വീട്ടിൽ കണ്ടെത്തി. അപ്പോഴേക്കും പ്രണവ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. ശരീരമാസകലം മുറിവേറ്റ യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പ്രതി ലഹരി മരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഉപദ്രവം ഭയന്ന് സ്വന്തം മാതാവും സഹോദരനും മാറി താമസിക്കുകയാണ്.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്
പോക്സോ കേസുകളിൽ നൂറ് കൊല്ലം ശിക്ഷ വിധിക്കുന്നത് അപൂർവം. 2020 ലാണ് പ്രതി ബിനു പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മധ്യ വേനൽ അവധിക്ക് പെൺകുട്ടി അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രദേശവാസിയായ ബിനുവിന്റെ അതിക്രമം. അമ്മയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വന്തം വീട്ടിലെത്തി ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വസ്തതകൾ പ്രകടിപ്പിച്ചു. കുട്ടിയെ വീടിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് ഗർഭിണി ആണെന്ന വിവരം വീട്ടുകാർ അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്.