Asianet News MalayalamAsianet News Malayalam

500 രൂപ ടിക്കറ്റിൽ ഡിജെ പാര്‍ട്ടി; സൺ ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ മിന്നൽ റെയ്ഡ്, ബിയറും വിദേശമദ്യവും പിടികൂടി

നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന സൺ ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ നിന്ന് 40 കുപ്പി ബിയറും വിദേശമദ്യ ശേഖരവും പിടികൂടി. 500 രൂപ ടിക്കറ്റ് വച്ചായിരുന്നു ഡിജെ പാര്‍ട്ടി.  

dj party in resort police raid liquor seized
Author
First Published Jan 28, 2023, 12:04 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അനുമതിയില്ലാതെ ഡിജെ പാർട്ടിയും മദ്യ സൽക്കാരവും നടത്തിയ സ്വകാര്യ റിസോർട്ടിൽ പൊലീസിന്‍റെ മിന്നൽ പരിശോധന. ഇന്ന് രാത്രി പത്ത് മണിയോടുകൂടിയായിരുന്നു പൊലീസിന്‍റെ പരിശോധന. നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന സൺ ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ നിന്ന് 40 കുപ്പി ബിയറും വിദേശമദ്യ ശേഖരവും പിടികൂടി. 500 രൂപ ടിക്കറ്റ് വച്ചായിരുന്നു ഡിജെ പാര്‍ട്ടി.  

ഹിമാചൽ പ്രദേശ് സ്വദ്ദേശി ധരം ചന്ദ്, പൂവച്ചൽ സ്വദേശി ഷിജിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് ഉടമയായ വിദേശവനിതയെക്കുറിച്ചും അന്വേഷണം തുടങ്ങി. അനധികൃതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ റിസോര്‍ട്ട് പൊളിച്ചുമാറ്റാൻ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, തിരുവനന്തപുരം നഗര പരിധിയിൽ ഡിജെ പാർട്ടികൾ നടത്തുന്നതിന് പൊലീസ് മാർഗ നിർദ്ദേശങ്ങള്‍ നല്‍കിയരുന്നു.

ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നുമായിരുന്നു പൊലീസിന്‍റെ നിര്‍ദ്ദേശം. പാർക്കിംഗ് സ്ഥലത്ത് ഉൾപ്പെടെ സിസിടിവി ക്യാമറകൾ വേണം, മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. മദ്യം, ആഹാരം എന്നിവ വിളമ്പുന്നത് നിഷ്കർഷിച്ച സമയത്ത് മാത്രമാക്കണമെന്നും  പൊലീസ് നിർദ്ദേശിച്ചു.

തുറസായ സ്ഥലങ്ങളിൽ മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതി തേടണമെന്നും ശബ്‍ദ പരിധി ലംഘിക്കാതിരിക്കാൻ ഡെസിബൽ മീറ്റർ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. വര്‍ക്കലയിൽ വിനോദ സഞ്ചാരത്തിന്‍റെ മറവിൽ വ്യാപക ലഹരി വിൽപ്പനയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിസോര്‍ട്ടുകൾ കേന്ദ്രീകരിച്ചാണ് ഇടനിലക്കാര്‍ ലഹരി എത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസും എക്സൈസും നിരവധി തവണ ആവശ്യം ഉയര്‍ന്നിരുന്നു. 

ആക്സിലേറ്ററിൽ വെള്ളക്കുപ്പി, സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ടുകെട്ടി; ഞെട്ടിച്ച് ലോറി യാത്ര, പിന്നിലെ രഹസ്യം!

Follow Us:
Download App:
  • android
  • ios